നവംബർ മാസത്തെ സാമൂഹികക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. ഇതിനായി 1,088.63 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുടർച്ചയായ ഏഴാം മാസമാണ് മുടക്കമില്ലാതെ ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നത്.
സാമൂഹികക്ഷേമ പെൻഷനായി 964.41 കോടി രൂപയും വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 124.22 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
അർഹരായ ഗുണഭോക്താക്കളിലേക്ക് പെൻഷൻ തുക കൃത്യസമയത്ത് എത്തിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുകൾ വഴിയും സഹകരണ ബാങ്കുകൾ മുഖേന വീടുകളിലെത്തിച്ചും പെൻഷൻ വിതരണം ചെയ്യും.