ഇന്ത്യയിൽ കഴിയുന്ന മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ 16ന് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബംഗ്ലാദേശിൻ്റെ വിജയദിനമായ ഡിസംബർ 16ന് ധാക്കയിലെത്താനാണ് ഹസീനയുടെ നീക്കം. ഇതിനായി ഡൽഹിയിൽനിന്ന് ധാക്കയിലേക്ക് ബംഗ്ലാദേശിൻ്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസിൻ്റെ വിമാനം അനുവദിക്കണമെന്ന് ഹസീന സർക്കാരിനോട് ആവശ്യപ്പെട്ടതായി അവരുടെ വക്താവ് സയ്യിദ് മൊസമ്മൽ അലി അറിയിച്ചു.
2024 ഓഗസ്റ്റ് അഞ്ചിന് 15 വർഷത്തെ ഭരണം അവസാനിച്ചതിനെത്തുടർന്ന് ബംഗ്ലാദേശിൽനിന്ന് വിമാനമാർഗമാണ് ഹസീന ഇന്ത്യയിലെത്തിയത്. ഭരണഘടനാവിരുദ്ധമായി അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ട ഹസീനയെ വിജയദിനത്തിൽ രാജ്യത്തേക്ക് തിരിച്ചെത്തിക്കേണ്ടത് നിലവിലെ സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നാണ് വക്താവിൻ്റെ വാദം. മടങ്ങിവരവിന് മുന്നോടിയായി പുതിയ പാസ്പോർട്ടും തിരിച്ചറിയൽ കാർഡും അനുവദിക്കണമെന്ന ഹസീനയുടെ ആവശ്യം നേരത്തെ ബംഗ്ലാദേശ് സർക്കാർ നിരസിച്ചിരുന്നു.
എന്നാൽ ഹസീനയുടെ മടങ്ങിവരവ് സംബന്ധിച്ച ആവശ്യം ബംഗ്ലാദേശ് സർക്കാർ തള്ളിക്കളഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയായ ഹസീന രാജ്യത്ത് പ്രവേശിച്ചാൽ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് വിദേശകാര്യ സഹമന്ത്രി ഷമാ ഒബായ്ദ് ഇസ്ലാം വ്യക്തമാക്കി.
ഹസീനയെ തിരികെ കൊണ്ടുവരുന്നതിനായി ഇന്ത്യയുമായി വിമാനം സംബന്ധിച്ച് യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉടമ്പടി പ്രകാരം ഹസീനയെ വിട്ടുനൽകണമെന്നാണ് ധാക്കയുടെ നിലപാട്.
ഹസീനയുടെ മടങ്ങിവരവ് പ്രഖ്യാപനം വ്യാമോഹം മാത്രമാണെന്നും കൈവിലങ്ങണിയിച്ച് മാത്രമേ അവരെ തിരിച്ചുകൊണ്ടുവരൂവെന്നും മറ്റൊരു മന്ത്രി ഹുമയൂൺ കബീറും പ്രതികരിച്ചു.
2024ൽ ബംഗ്ലാദേശിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടെ ഏകദേശം 1,400 പേർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തിയാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്തത്. കഴിഞ്ഞ നവംബറിൽ ബംഗ്ലാദേശ് അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണൽ ഹസീനയുടെ അസാന്നിധ്യത്തിൽ വധശിക്ഷ വിധിച്ചിരുന്നു.
അതേസമയം, ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന് രാജ്യത്ത് നിലവിൽ നിരോധനമുണ്ട്. ഡിസംബർ 16ന് മടങ്ങിയെത്തുമെന്ന ഹസീനയുടെ പ്രഖ്യാപനവും ബംഗ്ലാദേശ് സർക്കാരിൻ്റെ കടുത്ത പ്രതികരണവും രാജ്യത്ത് വീണ്ടും രാഷ്ട്രീയ-നിയമ സംഘർഷങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.