നേപ്പാളിൽ ഇന്ന് രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തിൻ്റെ പ്രകമ്പനം ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. നേപ്പാളിന് പുറമെ ഇന്ത്യ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന എന്നീ രാജ്യങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.
നേപ്പാളിലെ കോശി പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. ലെലെപ് പ്രദേശത്തിന് സമീപമായിരുന്നു പ്രഭവകേന്ദ്രം. ഭൂമിയുടെ ഉപരിതലത്തിൽനിന്ന് ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) അറിയിച്ചു.
ഇന്ത്യയിൽ പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലും ഭൂചലനത്തിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടു. വീടുകളിലും കെട്ടിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതോടെ പ്രദേശവാസികൾ ആശങ്കയിലായി.
നേപ്പാളിലുണ്ടായ ഭൂചലനത്തിൻ്റെ ആഘാതം അയൽരാജ്യങ്ങളിലേക്കും വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം, ഭൂചലനത്തെ തുടർന്ന് ഇതുവരെ ആളപായമോ കെട്ടിടങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും നാശനഷ്ടങ്ങളോ സംഭവിച്ചതായി റിപ്പോർട്ടുകളില്ല. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.