യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. അൽ വതൻ റോഡിലാണ് അപകടമുണ്ടായതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ വ്യക്തിവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അപകടവിവരം ലഭിച്ചയുടൻ ആംബുലൻസ് വിഭാഗം, സിവിൽ ഡിഫൻസ് ഉൾപ്പെടെയുള്ള അടിയന്തര സേവനവിഭാഗങ്ങളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ രക്ഷാപ്രവർത്തനം ആരംഭിക്കുകയും അപകടസ്ഥലം സുരക്ഷിതമാക്കാനും ഗതാഗതം നിയന്ത്രിക്കാനും നടപടികൾ സ്വീകരിക്കുകയും ചെയ്തു.

അപകടത്തിൻ്റെ സാഹചര്യവും കാരണവും കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് പൂർത്തിയായശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടും. മരിച്ചവരുടെ കുടുംബാംഗങ്ങളെ മന്ത്രാലയം അനുശോചനം അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

ഇതിന് പിന്നാലെ യുഎഇയിൽ മറ്റൊരു വലിയ വാഹനദുരന്തം കൂടി ഉണ്ടായത് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ നവംബർ 12ന് ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ 14 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ നാലുപേർ ഇന്ത്യക്കാരായിരുന്നു.

Related Posts