റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനുമായി തിങ്കളാഴ്‌ച റഷ്യ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി സംസാരിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. അദ്ദേഹം ഇക്കാര്യം അറിയിച്ചത് ട്രംപിൻ്റെ ഔദ്യോഗിക ട്രൂത്ത് പോസ്റ്റിലുടെയാണ്. ആഴ്‌ചയിൽ ശരാശരി 5000-ത്തിലധികം റഷ്യൻ, യുക്രെയ്ൻ സൈനികരാണ് കൊല്ലപ്പെടുന്നത്. പുടിനുമായി ഈ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുന്നതിനായാണ് സംസാരിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. യുക്രെയ്ൻ പ്രസിഡൻ്റ് വ്ളാഡിമർ സെലൻസ്‌കിയോടും സംസാരിക്കുമെന്നും യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നാറ്റോ നേതാക്കളുമായും സംസാരിക്കുമെന്ന് ട്രംപ് കുറിച്ചു.

ഇസ്‌താംബുളിൽ നടന്ന ചർച്ച റഷ്യ-യുക്രെയ്ൻ വെടി നിർത്തൽ കരാറിൽ നിർണായക തീരുമാനം എടുക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഫലം കണ്ടിരുന്നില്ല. ചർച്ചയിൽ ധാരണയായത്, 1,000 യുദ്ധ തടവുകാരെ വീതം കൈമാറാൻ മാത്രമാണ്. ഇതിന് പിന്നാലെയാണ് ട്രംപിൻ്റെ പ്രതികരണം. 2 മണിക്കുറിൽ താഴെ മാത്രം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ ആയിരുന്നു യുദ്ധ തടവുകാരെ കൈമാറാനുള്ള നിർണായക തീരുമാനം. ചർച്ചയിൽ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനും, യുക്രെയ്ൻ പ്രസിഡൻ്റ് വ്ളാഡിമർ സെലൻസ്‌കിയും പങ്കെടുത്തിരുന്നില്ല.

Related Posts