സംസ്ഥാനത്ത് വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പനയും വിതരണവും തടയാൻ കർശന നടപടികളുമായി ആരോഗ്യവകുപ്പ്. സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് പുറമെ വിൽപ്പനയ്ക്കും വിതരണത്തിനും ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കാനാണ് സർക്കാർ നീക്കം. ഫെയർനസ് ക്രീമുകൾ ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള വിൽപ്പനയ്ക്കും പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതിനായി വിശദമായ മാർഗരേഖ തയ്യാറാക്കും. ഇതുസംബന്ധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. നിയമവിരുദ്ധവും വ്യാജവുമായ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും നിർദേശിച്ചിട്ടുണ്ട്.

വ്യാജവും ഗുണനിലവാരമില്ലാത്തതുമായ ക്രീമുകളും മറ്റ് സൗന്ദര്യവർധക ഉൽപ്പന്നങ്ങളും വിപണിയിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഗുരുതര രോഗബാധിതരായവരുടെ വിവരങ്ങൾ ആശങ്കാജനകമാണെന്നും മന്ത്രി വ്യക്തമാക്കി.

വ്യാജ ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ ബ്യൂട്ടി പാർലറുകൾ, കോസ്‌മെറ്റിക് സെന്ററുകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ കണ്ടെത്തി വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.

ജിമ്മുകൾ, വെൽനസ് സെന്ററുകൾ എന്നിവിടങ്ങളിൽ വിൽക്കുന്ന പ്രോട്ടീൻ പൗഡറുകളും മറ്റ് പോഷക സപ്ലിമെന്റുകളും ഭക്ഷ്യസുരക്ഷാ വകുപ്പും ഡ്രഗ്‌സ് കൺട്രോൾ വകുപ്പും സംയുക്തമായി പരിശോധിക്കും. വ്യാജവും സുരക്ഷിതമല്ലാത്തതുമായ ഉൽപ്പന്നങ്ങൾ കണ്ടെത്തി നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കും.

പരിശോധനകൾ ജില്ലാതലത്തിൽ ഏകോപിപ്പിക്കാനും ഇതിൻ്റെ മരുന്നുകളുടെ പാർശ്വഫലങ്ങൾ നിരീക്ഷിക്കാൻ പുതിയ സംവിധാനം

സൗന്ദര്യവർധക വസ്തുക്കളുടെ നിയന്ത്രണത്തിന് പുറമെ മരുന്നുകളുടെ പാർശ്വഫലങ്ങൾ കൃത്യമായി നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും ആരോഗ്യവകുപ്പ് പുതിയ സംവിധാനം ഒരുക്കുന്നുണ്ട്. ഇതിനായി കേന്ദ്ര നിരീക്ഷണ കേന്ദ്രങ്ങളെയും സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെയും ഏകോപിപ്പിക്കും. പാർശ്വഫലങ്ങൾ വിലയിരുത്തുന്നതിനായി വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക ഉപദേശക സമിതിയും രൂപീകരിക്കും.

ആന്റിബയോട്ടിക്കുകൾ, പ്രമേഹം, ക്യാൻസർ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾ, കുട്ടികൾക്കുള്ള മരുന്നുകൾ എന്നിവയ്ക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ എന്നിവർക്കു പുറമെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മരുന്നുകളുടെ പാർശ്വഫലങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്യാം. ഇതിനായി പ്രത്യേക ഓൺലൈൻ പരാതി പരിഹാര സംവിധാനവും ഒരുക്കും.

വിപണിയിലെത്തുന്ന ഓരോ ഉൽപ്പന്നവും ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയല്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും ഇത്തരം പരസ്യങ്ങൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

സൗന്ദര്യവർധക വസ്തുക്കൾ അംഗീകൃത ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കണമെന്നും കുട്ടികളും മുതിർന്നവരും ഇത്തരം ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

Related Posts