വര്‍ക്കലയില്‍ വെച്ച് ശതകോടികളുടെ ക്രിപ്‌റ്റോതട്ടിപ്പ് നടത്തിയ രാജ്യാന്തര കുറ്റവാളി അലക്‌സേജിനെ സിബിഐയ്ക്ക് കൈമാറി. കേരള പോലീസ് വര്‍ക്കലയില്‍ വെച്ച് ഇൻ്റര്‍പോള്‍ നിര്‍ദ്ദേശപ്രകാരമാണ് ലിത്വാനിയന്‍ പൗരനായ അലക്‌സേജിനെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വിദേശത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് അലക്സേജിനെ വർക്കലയിലെ ഹോംസ്റ്റേയിൽ നിന്ന് പോലീസ് കണ്ടെത്തിയത്. പോലീസുകാരന് കൈക്കൂലി വാഗ്‌ദാനംചെയ്‌ത്‌ ഇയാൾ രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും വർക്കല പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.

അമേരിക്കയുടെ അപേക്ഷപ്രകാരം ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി അലക്‌സേജിനെതിരേ വാറൻ്റ് പുറപ്പെടുവിച്ചിരുന്നു. വര്‍ക്കലയില്‍ നിന്ന് പട്യാല ഹൗസ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് ഇയാളെ പിടികൂടിയത്. പിടികിട്ടാപ്പുള്ളിയായി അമേരിക്ക പ്രഖ്യാപിച്ച അന്താരാഷ്ട്ര കുറ്റവാളിയാണ് അലക്സേജ് ബെസിയോക്കോവ്.

സൈബർ കുറ്റവാളികൾക്കും അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾക്കും കള്ളപ്പണം വെളുപ്പിക്കാൻ സഹായം നൽകിയെന്നതാണ് ഇയാൾക്കെതിരായ കുറ്റം. ഗാരൻ്റക്സ് എന്ന ക്രിപ്റ്റോകറൻസി എക്സ്‌ചേഞ്ചിൻ്റെ സഹസ്ഥാപകരിൽ ഒരാളാണ് അലക്സേജ് ബെസിയോക്കോവ്.

അലക്സേജിനൊപ്പം ഗാരൻറകിൻ്റെ സഹസ്ഥാപകരിലൊരാളായ അലക്‌സാണ്ടർ മിറ സെർദ എന്ന റഷ്യൻ പൗരനെതിരേയും സമാന കുറ്റത്തിന് യു.എസ്. ഏജന്‍സികള്‍ കേസെടുത്തിരുന്നു.

Related Posts