മൈസൂരുവിൽ സംസ്ഥാനതല ഭരണഘടനാ ദിനാഘോഷം വ്യാഴാഴ്ച വിപുലമായ പരിപാടികളോടെ നടക്കും. ആഘോഷങ്ങളുടെ ഭാഗമായി ഗൺഹൗസ് സർക്കിളിൽനിന്ന് മഹാരാജാസ് കോളജ് മൈതാനത്തേക്ക് ഭരണഘടനയുടെ പകർപ്പ് രഥത്തിൽ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സംഘടിപ്പിക്കും.
മഹാരാജാസ് കോളജ് മൈതാനത്താണ് പ്രധാന ആഘോഷ പരിപാടികൾ നടക്കുക. സാമൂഹികക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടി കമ്മിഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി നിർദേശം നൽകി. പരിപാടിയുടെ ഭാഗമായി ഡോ. ബി.ആർ. അംബേദ്കർ, മഹാത്മാഗാന്ധി, ബസവേശ്വര എന്നിവരുടെ പ്രതിമകൾ അലങ്കരിക്കാനും ആവശ്യമായ ക്രമീകരണങ്ങൾ നടത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി മൈസൂരു സർവകലാശാലാ ക്യാമ്പസിൽ സംസ്ഥാനതല യുവജന പാർലമെന്റും സംഘടിപ്പിക്കും. ഭരണഘടനാ മൂല്യങ്ങൾ, ജനാധിപത്യം, പൗരാവകാശങ്ങൾ എന്നിവയെക്കുറിച്ച് യുവതലമുറയിൽ അവബോധം വളർത്തുകയാണ് പരിപാടികളുടെ ലക്ഷ്യം.