“ആയിരം പാദസരങ്ങൾ കിലുങ്ങി” എന്ന മനോഹരമായ ശീർഷകത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച വയലാർ ഗാനസന്ധ്യ, വയലാറിൻ്റെ കവിതകളും അനശ്വര ഗാനങ്ങളും ഓർമ്മകളും മനസ്സിൽ നിറച്ച ഒരു ഹൃദ്യമായ സായാഹ്നമായി മാറി. മലയാളത്തിൻ്റെ കാവ്യസൗന്ദര്യവും സംഗീതത്തിൻ്റെ മാധുര്യവും ഒത്തുചേർന്ന ഈ പരിപാടി വയലാറിൻ്റെ സർഗ്ഗപ്രതിഭയ്ക്ക് സ്നേഹപൂർവമായ ഒരു ആദരവായിരുന്നു.
ബെംഗളൂരുവിലെ ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും (ECA) വേൾഡ് മലയാളി ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച “വയലാർ ഗാനസന്ധ്യ” മലയാള സാഹിത്യത്തിൻ്റെയും സംഗീതത്തിൻ്റെയും സുവർണസ്മരണകൾ ഉണർത്തിയ മനോഹരമായ സാംസ്കാരിക സായാഹ്നമായി പ്രേക്ഷകർ ആസ്വദിച്ചു.
ബെംഗളൂരുവിലെ വിവിധ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും സാഹിത്യ-സംഗീത പ്രേമികളും പങ്കെടുത്ത പരിപാടി ഇ.സി.എ ഹാളിൽ നിറഞ്ഞ സദസ്സിലാണ് അരങ്ങേറിയത്. ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെയും വേൾഡ് മലയാളി ഫെഡറേഷൻ കർണാടകയുടെയും ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.
ഇ സി എ മുൻ അധ്യക്ഷൻ ഒ.വിശ്വനാഥൻ സദസ്സിനെ സ്വാഗതം ചെയ്തു. വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികളായ റെജിൻ ചാലപ്പുറം (International Business Club President), ഫ്രാൻസ് മുണ്ടാഡൻ ( Asia Region President) രമാ പിഷാരടി (WMF കർണാടക ചാപ്റ്റർ പ്രസിഡണ്ട്), ഡോക്ടർ സുധ, ജനറൽ Secretary WMF Karnataka ചാപ്റ്റർ എന്നിവർ സംഘടനയുടെ പ്രവർത്തനങ്ങളും സാംസ്കാരിക ഇടപെടലുകളും പരിചയപ്പെടുത്തി.
മനോജ് പിഷാരടി പരിപാടിയുടെ അവതരണവും ഏകോപനവും നിർവഹിച്ചു.
തുടർന്ന് ഡോ. സജിത് ഏവൂരേത്ത് വയലാർ രാമവർമ്മയുടെ ജീവിതത്തെയും കവിതകളെയും ചലച്ചിത്രഗാനങ്ങളെയും ആസ്പദമാക്കി ഹൃദയസ്പർശിയായ പ്രഭാഷണം ആരംഭിച്ചു. സരസവും ലളിതവും ഹൃദ്യവുമായ ഭാഷയിൽ വയലാറിന്റെ സർഗ്ഗജീവിതത്തിലെ വിവിധ തലങ്ങൾ അദ്ദേഹം സദസ്സിന് മുന്നിൽ അവതരിപ്പിച്ചു. വയലാറിൻ്റെ കവിതകളിലെ കാലാതീതമായ സൗന്ദര്യവും ചലച്ചിത്രഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളിൽ അദ്ദേഹം സൃഷ്ടിച്ച അനശ്വര സാന്നിധ്യവും പ്രഭാഷണത്തിലുടനീളം നിറഞ്ഞുനിന്നു.
സമകാലികരായ ഒ.എൻ.വി കുറുപ്പിൻ്റെ അധ്യാപന-സാഹിത്യ ജീവിതവും പി.ഭാസ്കരൻ്റെ സിനിമാരംഗത്തെ തിരക്കുകളും വയലാറിന് ചലച്ചിത്രഗാനരചനയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ വഴിയൊരുക്കിയ സാഹചര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. കവിത, രാഷ്ട്രീയം, സാമൂഹികബോധം, പ്രണയം, ജീവിതദർശനം എന്നിവയെല്ലാം വയലാറിൻ്റെ ഗാനങ്ങളിൽ എങ്ങനെ സമന്വയിച്ചുവെന്നും പ്രഭാഷകൻ ആഴത്തിൽ വിശകലനം ചെയ്തു.
പ്രഭാഷണത്തിൻ്റെ ഹൃദ്യതയും വയലാറിൻ്റെ സർഗ്ഗലോകത്തെ ആഴത്തിൽ അവതരിപ്പിച്ച രീതിയും സദസ്സിനെ ഏറെ ആകർഷിച്ചു. പ്രഭാഷണം അവസാനിച്ചപ്പോൾ സദസ്സിലുണ്ടായിരുന്നവർ ഒന്നടങ്കം എഴുന്നേറ്റുനിന്ന് ഡോ. സജിത്ത് ഏവൂരേത്തിനെ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തത് അദ്ദേഹത്തിൻ്റെ അവതരണത്തിന് ലഭിച്ച ഹൃദയംഗമമായ അംഗീകാരമായി.
ഗാനസന്ധ്യയുടെ തുടക്കത്തിലും സമാപനത്തിലും പങ്കെടുത്ത കലാകാരന്മാരും കലാകാരികളും വയലാറിന്റെ അനശ്വര ഗാനങ്ങൾ ആലപിച്ച് സായാഹ്നത്തിന് സംഗീതസാന്ദ്രമായ അനുഭവം പകർന്നു.
ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ഫോറം സെക്രട്ടറി ശാന്തകുമാർ, കുന്ദലഹള്ളി കേരള സമാജം സെക്രട്ടറി അജിത്, സുരഭിലം ഗ്ലോബൽ സ്ഥാപക കൺവീനർ എസ്.കെ. നായർ എന്നിവർ ആശംസകൾ അർപ്പിച്ചു.
മലയാള ചലച്ചിത്രഗാനങ്ങളുടെ സുവർണകാലത്തെ അനശ്വര ഗാനങ്ങളും അവയുടെ സാഹിത്യഭംഗിയും സംഗീതമാധുര്യവും ഓർമ്മകളിൽ വീണ്ടും വിരിയിച്ച ഈ പരിപാടി, വയലാർ രാമവർമ്മയുടെ സാഹിത്യപ്രതിഭയും സംഗീതലോകത്തെ സംഭാവനകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായ സാംസ്കാരിക സംരംഭമായി.
വയലാറിൻ്റെ വരികൾ ഇന്നും മലയാളിയുടെ ഹൃദയത്തിൽ ജീവിക്കുന്നു എന്ന സത്യം ഒരിക്കൽക്കൂടി അനുഭവിപ്പിച്ച ഈ ഗാനസന്ധ്യ, സാഹിത്യവും സംഗീതവും സ്നേഹിക്കുന്നവർക്ക് മറക്കാനാവാത്ത ഒരു സായാഹ്നമായി.