കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുള്ള സറേയിൽ വാൾമാർട്ട് സ്റ്റോറിന് പുറത്ത് നടന്ന വെടിവെപ്പിൽ രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു. ഗഗൻപ്രീത് റെഹാൽ എന്ന ഗാരി (23), സുഖ്ജീത് കൗർ (24) എന്നിവരാണ് മരിച്ചത്. സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ആസൂത്രിത ആക്രമണമാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

നവംബർ 15ന് രാത്രിയായിരുന്നു സംഭവം. വാൾമാർട്ട് സ്റ്റോറിന് പുറത്തുവെച്ച് ഇരുവർക്കും നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാനഡയിലെ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം (IHIT) സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.

കൊല്ലപ്പെട്ട ഇരുവരും സമീപത്തുള്ള ഡെൽറ്റ ടൗൺഷിപ്പിലെ താമസക്കാരാണെന്ന് പൊലീസ് അറിയിച്ചു. ഇവർ ദമ്പതികളാണെന്നും റിപ്പോർട്ടുകളുണ്ട്. ഗഗൻപ്രീത് റെഹാലിന് നേരത്തെ ആയുധങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ കേസുകളുണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. എന്നാൽ സുഖ്ജീത് കൗറിന് കാനഡയിലെ ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായി സൂചനകളില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

ആക്രമണം വ്യക്തികളെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. സംഘടിത കുറ്റകൃത്യങ്ങളുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും ആക്രമണത്തിന് പിന്നിൽ ആരാണെന്നും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല.

Related Posts