കർണാടകയിലെ ഭൂരഹിത കുടുംബങ്ങൾക്ക് 15 ലക്ഷം സൗജന്യ പാർപ്പിട സൈറ്റുകൾ വിതരണം ചെയ്യാനും 2026–27 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം വീടുകൾ നിർമിക്കാനും കർണാടക സർക്കാർ ലക്ഷ്യമിടുന്നു. ഭവനപദ്ധതികൾക്കായി 2,241 കോടി രൂപയാണ് സർക്കാർ ചെലവ് കണക്കാക്കിയിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി അനുവദിക്കുന്ന 15 ലക്ഷം പാർപ്പിട സൈറ്റുകളിൽ ഒൻപത് ലക്ഷം ഗ്രാമപ്രദേശങ്ങളിലായിരിക്കും. ശേഷിക്കുന്ന സൈറ്റുകൾ നഗരപ്രദേശങ്ങളിലെ അർഹരായ കുടുംബങ്ങൾക്കായി കണ്ടെത്താനാണ് ലക്ഷ്യം. ഇതിനാവശ്യമായ അനുയോജ്യമായ സർക്കാർ ഭൂമി കണ്ടെത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സംസ്ഥാനത്ത് ഏകദേശം 14.4 ലക്ഷം പേർക്ക് സ്വന്തമായി വീടില്ലെന്നാണ് സർക്കാരിൻ്റെ കണക്ക്. ഭവനരഹിതരായ കുടുംബങ്ങൾക്ക് താമസസൗകര്യം ഉറപ്പാക്കുകയും സ്വന്തമായി വീട് നിർമിക്കാൻ ആവശ്യമായ ഭൂമി ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
‘ഭൂ ഗ്യാരണ്ടി’ പദ്ധതിയുടെ ആദ്യഘട്ടത്തിൽ അഞ്ച് ലക്ഷം പാർപ്പിട സൈറ്റുകൾ വികസിപ്പിക്കാനാണ് തീരുമാനം. ഇതിനായി ഏകദേശം 1,000 കോടി രൂപ ചെലവഴിക്കുമെന്നാണ് കണക്ക്. ഒരു സൈറ്റ് വികസിപ്പിക്കാൻ ശരാശരി 20,000 രൂപ ചെലവ് വരും. ആദ്യഘട്ടത്തിനായി ഏകദേശം 25,000 ഏക്കർ ഭൂമി ആവശ്യമായി വരും. സംസ്ഥാനത്തെ 31 ജില്ലകളിലായി 23,500 ഏക്കറോളം സർക്കാർ ഭൂമി ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നും ഇതിൽ ഏകദേശം 4.70 ലക്ഷം സൈറ്റുകൾ വികസിപ്പിക്കാനാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
പദ്ധതിയുടെ ഭാഗമായി ഗ്രാമപ്രദേശങ്ങളിൽ ഒൻപത് ലക്ഷം സൈറ്റുകൾ വികസിപ്പിക്കാൻ ഏകദേശം 45,000 ഏക്കർ ഭൂമി ആവശ്യമാണ്. നഗരപ്രദേശങ്ങളിൽ അഞ്ച് ലക്ഷം ഗുണഭോക്താക്കളെ ഉൾപ്പെടുത്തി ജി+3 മാതൃകയിലുള്ള പാർപ്പിട സൗകര്യം ഒരുക്കാനാണ് നിർദേശം. ഇതിനായി ഏകദേശം 5,000 ഏക്കർ ഭൂമി കണ്ടെത്തേണ്ടിവരും. ഭൂമി കണ്ടെത്തുന്നതിനും സംവരണം ചെയ്യുന്നതിനും കർണാടക ഭൂനികുതി നിയമത്തിലെ 71-ാം വകുപ്പ് പ്രകാരം നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.