രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം തുടരുന്നു. ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണലിലാണ് കോൺഗ്രസ് മുന്നിലെത്തിയത്. 37 ജില്ലാ പരിഷത്ത് സീറ്റുകളിൽ 27 ഇടത്ത് കോൺഗ്രസും 10 ഇടത്ത് ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്. 419 പഞ്ചായത്ത് സമിതികളിൽ 145 ഇടത്ത് കോൺഗ്രസ് മുന്നിട്ടുനിൽക്കുമ്പോൾ ബിജെപി 89 ഇടത്താണ് ലീഡ് ചെയ്യുന്നത്.
തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയായി നഗരവികസന മന്ത്രി ഝബർ സിങ് ഖാരയുടെ കുടുംബാംഗങ്ങളുടെ പരാജയം. സിക്കാർ ജില്ലയിലെ ശ്രീമധോപുരിലെ 17-ാം വാർഡിൽ മത്സരിച്ച മന്ത്രിയുടെ ഭാര്യ ശാന്തി ദേവി 51 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർഥിയോട് പരാജയപ്പെട്ടത്. മന്ത്രിയുടെ മക്കളായ ദുർഗ സിങ്, അജയ് സിങ് എന്നിവർക്കും വിജയിക്കാനായില്ല. ഉദയ്പുർ ജില്ലയിലെ ഋഷഭ്ദേവ് പഞ്ചായത്ത് സമിതിയിലേക്ക് മത്സരിച്ച മുൻ ബിജെപി എംഎൽഎ നാനാലാൽ അഹാരിയുടെ മകൻ സോനുവും പരാജയപ്പെട്ടു.
ജയ്പുരിലും കോൺഗ്രസിൻ്റെ പ്രകടനം ശ്രദ്ധേയമാണ്. ഇതുവരെ ഫലം പ്രഖ്യാപിച്ച 15 വാർഡുകളിൽ 11 ഇടത്തും കോൺഗ്രസ് വിജയിച്ചു. ബിജെപിക്ക് രണ്ടിടത്താണ് വിജയം. ഒരു വാർഡിൽ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയും വിജയിച്ചു. ജയ്പുരിലെ 22 പഞ്ചായത്ത് സമിതികളിൽ 19 ഇടത്തും കോൺഗ്രസ് മുന്നിലാണ്.
അതേസമയം, ജയ്പുർ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. 25 വാർഡുകളിൽ ബിജെപിയും 22 ഇടങ്ങളിൽ കോൺഗ്രസുമാണ് മുന്നിട്ടുനിൽക്കുന്നത്.
സംസ്ഥാനത്തെ 41 ജില്ലകളിലായി 1,403 ജില്ലാ പരിഷത്ത് വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കോട്ട, ബാരൻ, കരൗലി, ശ്രീഗംഗാനഗർ ജില്ലകൾ ഒഴികെയുള്ള പ്രദേശങ്ങളിലാണ് നിലവിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നത്. അന്തിമ ഫലങ്ങൾ പുറത്തുവരുന്നതോടെ സംസ്ഥാനത്തെ തദ്ദേശ രാഷ്ട്രീയത്തിലെ ശക്തി സമവാക്യങ്ങളിൽ വ്യക്തതയുണ്ടാകും.