അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജൻ ഉൾപ്പെടെ 18 പ്രതികളെ വെറുതെവിട്ട സിബിഐ കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സിബിഐ. ഷുക്കൂറിൻ്റെ കുടുംബവും വിധിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കും. കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയ രണ്ടാം പ്രതിയെ ഉൾപ്പെടെ വെറുതെവിട്ടത് പ്രോസിക്യൂഷന് കനത്ത തിരിച്ചടിയായി.
കൊച്ചിയിലെ സിബിഐ കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. ആകെ 13 പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ കോടതി, കൊലക്കുറ്റം തെളിഞ്ഞ ഏഴുപേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മറ്റ് ആറ് പ്രതികൾക്ക് മൂന്ന് വർഷത്തിൽ താഴെ തടവുശിക്ഷയാണ് ലഭിച്ചത്. ഇവരുടെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച കോടതി ജാമ്യവും അനുവദിച്ചു. കേസിലെ 18 പ്രതികളെയാണ് കോടതി വെറുതെവിട്ടത്.
ജീവപര്യന്തം ശിക്ഷ ലഭിച്ച ഏഴുപേരെയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. പ്രതികളുടെ ആവശ്യപ്രകാരമാണ് നടപടി. നിലവിൽ എറണാകുളം ജില്ലാ ജയിലിൽ കഴിയുന്ന ഇവരെ ഇന്ന് കണ്ണൂരിലേക്ക് കൊണ്ടുപോകും.