ബെംഗളൂരുവിലെ ബാഗലൂരിന് സമീപം കാറിനുള്ളിൽ വെടിയേറ്റ് 45കാരനായ ആക്രിക്കച്ചവടക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബാനർഘട്ട റോഡ് സ്വദേശിയായ ഇമ്രാസ് പാഷയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ വോക്സ്വാഗൺ പോളോ കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഡ്രൈവിങ് സീറ്റിലിരുന്ന പാഷയുടെ മൃതദേഹം മുൻവശത്തെ യാത്രക്കാരൻ്റെ സീറ്റിലേക്ക് ചരിഞ്ഞ നിലയിലായിരുന്നു. വലതുചെവിക്ക് സമീപം വെടിയേറ്റ മുറിവുണ്ടായിരുന്നു. പ്രദേശവാസിയുടെ അറിയിപ്പിനെത്തുടർന്ന് രാവിലെ 10.30ഓടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം മുതൽ കാർ ഇവിടെ പാർക്ക് ചെയ്തിരുന്നതായാണ് വിവരം.
കാറിനുള്ളിൽനിന്ന് രണ്ട് ഒഴിഞ്ഞ കാട്രിജുകളും ഡ്രൈവിങ് സീറ്റിൻ്റെ വാതിലിന് സമീപത്തുനിന്ന് ഒന്നും കണ്ടെത്തി. പാഷയ്ക്ക് നേരെ മൂന്ന് തവണ വെടിയുതിർത്തതായാണ് പൊലീസിൻ്റെ സംശയം. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
പാഷയുമായി അടുത്ത പരിചയമുള്ള ഒരാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണസംഘത്തിൻ്റെ സംശയം. തിങ്കളാഴ്ച യെലഹങ്കയിൽ മകനൊപ്പം ഉണ്ടായിരുന്ന പാഷയെ ഇയാൾ ഫോണിൽ വിളിച്ചിരുന്നു. മകനോട് കാത്തുനിൽക്കാൻ ആവശ്യപ്പെട്ട് പാഷ ഇയാളെ കാണാൻ പോയതായാണ് വിവരം.
പിന്നീട് മകൻ സംശയിക്കപ്പെടുന്നയാളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ഇയാൾ നമ്പർ ബ്ലോക്ക് ചെയ്തതായും റിപ്പോർട്ടുണ്ട്. വ്യക്തിവൈരാഗ്യമോ ബിസിനസ് തർക്കമോ കൊലപാതകത്തിന് പിന്നിലുണ്ടാകാമെന്നാണ് പൊലീസിൻ്റെ നിഗമനം. ഒന്നിലധികം പൊലീസ് സംഘങ്ങൾ അന്വേഷണം തുടരുകയാണ്.