കുൽഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി സി.ആർ.പി.എഫ്. സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ മാർഗനിർദേശങ്ങളാണ് സേന പുറത്തിറക്കിയിരിക്കുന്നത്. സി.ആർ.പി.എഫ് മേധാവി ജി.പി.സിങ്ങിൻ്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല സുരക്ഷാ അവലോകന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
പുതിയ നിർദേശമനുസരിച്ച്, ജമ്മു കശ്മീരിൽ സേവനമനുഷ്ഠിക്കുന്ന എല്ലാ സേനാംഗങ്ങളും ഡ്യൂട്ടി സമയത്ത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെഡ് ഗിയറും നിർബന്ധമായും ധരിക്കണം. ചെക്ക് പോസ്റ്റുകളിൽ മൊബൈൽ ബുള്ളറ്റ് പ്രൂഫ് ബങ്കറുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷാ പരിശോധനാ കേന്ദ്രങ്ങളിൽ കൂടുതൽ വെളിച്ചം ഏർപ്പെടുത്താനും നിർദേശമുണ്ട്.
ഡ്യൂട്ടി സമയത്തെ മൊബൈൽ ഫോൺ ഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കായി കമാൻഡർമാർക്ക് മാത്രമായിരിക്കും ഫോൺ ഉപയോഗിക്കാൻ അനുമതി. കൂടാതെ, ഭീകരാക്രമണ സാധ്യതകൾ മുൻനിർത്തി ഒരേ സ്ഥലത്ത് ദീർഘനേരം നിലയുറപ്പിക്കുന്നത് ഒഴിവാക്കണമെന്നും സേനാംഗങ്ങൾ എല്ലായ്പ്പോഴും ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഭീകരരുടെ അപ്രതീക്ഷിത ആക്രമണങ്ങളിൽ നിന്നുള്ള അപകടസാധ്യത കുറയ്ക്കുകയും സേനാംഗങ്ങളുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കുകയും ചെയ്യുകയാണ് പുതിയ നടപടികളുടെ പ്രധാന ലക്ഷ്യം.