നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം.വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള അഭിഭാഷക ടി.ബി. മിനിയുടെ ഹർജി തള്ളി. അതിജീവിതയുടെ അഭിഭാഷകയായിരുന്ന തന്നെ കോടതി അപമാനിച്ചെന്നാരോപിച്ചായിരുന്നു ഹർജി.

കേസ് പരിഗണിക്കുന്നതിനിടെ ടി.ബി. മിനി കോടതിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമർശം അപകീർത്തികരമാണെന്നായിരുന്നു അഭിഭാഷകയുടെ വാദം. ഇതിൽ കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നായിരുന്നു ആവശ്യം.

2026 ജനുവരി 12ന് നടത്തിയ പരാമർശം തൻ്റെ അഭിഭാഷകവൃത്തിക്ക് കളങ്കമുണ്ടാക്കിയെന്നും തുടർന്ന് തനിക്കെതിരെ വ്യാപകമായ സൈബർ പ്രചാരണം ഉണ്ടായെന്നും ടി.ബി. മിനി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറലിന് പരാതി നൽകിയെങ്കിലും അപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയിൽ സ്വമേധയാ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്.

Related Posts