അസാധാരണ രൂപ വൈകല്യങ്ങളോടെ ആലപ്പുഴയില്‍ കുഞ്ഞ് ജനിച്ച സംഭവത്തില്‍ ചികില്‍സാപിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് തപാല്‍ വഴിയാണ് കുഞ്ഞിൻ്റെ കുടുംബത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. 2 ഡോക്ടര്‍മാര്‍ക്കെതിരേ നടപടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് കുഞ്ഞിൻ്റെ പിതാവ് പറഞ്ഞു. അപകടസാധ്യത അറിയിക്കുന്നതിൽ രണ്ട് ഗൈനക്കോളജിസ്റ്റും പരാജയപ്പെട്ടുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡോ. സി വി പുഷ്പ കുമാരി, ഡോ കെ എ ഷെർലി എന്നിവർക്കെതിരെ നടപടിക്കും ശിപാർശ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതിനേ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയെന്ന് പറയുന്ന റിപ്പോര്‍ട്ട് പുറത്തു വന്നത്. വേണ്ട ആശയവിനിമയം നടത്തിയില്ലെന്നും ആദ്യഘട്ടത്തില്‍ നടത്തുന്ന സ്‌കാനിങിനു വേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ചികില്‍സയില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് കുഞ്ഞിൻ്റെ പിതാവ് പറയുന്നത്. കുഞ്ഞിനെ പരിചരിക്കാനാവശ്യമായ സൗകര്യങ്ങളള്‍ക്കുവേണ്ടി സര്‍ക്കാറിനെ സമീപിച്ചിട്ടും കാര്യമായ സഹായവും ഉണ്ടായില്ലെന്നും കുഞ്ഞിൻ്റെ പിതാവ് കൂട്ടിചേര്‍ത്തു. കുഞ്ഞിൻ്റെ മാതാവും നിലവില്‍ അസുഖബാധിതയായി ചികില്‍സയിലാണ്.
2024 ഡിസംബര്‍ 8 നാണ് ലജനത്ത് വാര്‍ഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികള്‍ക്ക് ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞു പിറന്നത്. ഗര്‍ഭകാലത്ത് പലതവണ നടത്തിയ സ്‌കാനിങിലും ഡോക്ടര്‍മാര്‍ വൈകല്യം അറിയിച്ചില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ രംഗത്ത് വരികയായിരുന്നു. ഇവര്‍ക്ക് പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുണ്ട്. മൂന്നാമത്തെ കുട്ടിക്കാണ് അസാധാരണ വൈകല്യം കണ്ടെത്തിയത്.