അരനൂറ്റാണ്ടിലേറെയായി മുടങ്ങാതെ ഞായറാഴ്ചകളിൽ സൗജന്യ ചികിത്സ നൽകി ടി. ബെഗൂരിലെ ഡോ. ബി. രമണ റാവു ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംനേടി. നെലമംഗലയ്ക്ക് സമീപമുള്ള ഗ്രാമത്തിൽ സേവനം നടത്തുന്ന ഡോക്ടർ, ഒരാൾ നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ പ്രതിവാര സന്നദ്ധ ചികിത്സാ സേവനത്തിനാണ് അംഗീകാരം നേടിയത്.

നവംബർ ഒന്നിന് 53 വർഷവും 74 ദിവസവും പിന്നിട്ടതോടെയാണ് നേട്ടം ഗിന്നസ് വേൾഡ് റെക്കോർഡിൽ രേഖപ്പെടുത്തിയത്. തുടർച്ചയായി 2,777 ഞായറാഴ്ചകളാണ് അദ്ദേഹം സന്നദ്ധ സേവനം നടത്തിയത്. ഇതിനിടെ 33 ലക്ഷത്തിലധികം രോഗികളെ പരിശോധിച്ച് ചികിത്സ നൽകിയതായും ഗിന്നസ് രേഖയിൽ പറയുന്നു.

ഞായറാഴ്ച ഗ്രാമത്തിലെ ക്ലിനിക്കിൽ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ജി. പരമേശ്വര ഡോ. രമണ റാവുവിനെ ആദരിച്ചു. ഗ്രാമീണ മേഖലയിലേക്ക് ആരോഗ്യസേവനം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ക്ലിനിക്ക് ആരംഭിച്ച അദ്ദേഹം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന രോഗികൾക്ക് ഇന്നും ചികിത്സ നൽകിവരികയാണെന്ന് പരമേശ്വര പറഞ്ഞു.

ആരോഗ്യരംഗത്തെ വർധിച്ചുവരുന്ന വാണിജ്യവൽക്കരണത്തിലും ഉപമുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. രോഗിയുടെ സാമ്പത്തികശേഷി ചികിത്സ ലഭിക്കുന്നതിൽ നിർണായകമാകുന്ന സാഹചര്യം വർധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Posts