ഹാരംഗി അണക്കെട്ടിലുണ്ടായ സ്പീഡ് ബോട്ട് അപകടത്തിൽ ദമ്പതികൾ മുങ്ങിമരിച്ചതിനെ തുടർന്ന് അണക്കെട്ടിലെ ജലസാഹസ വിനോദങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഗുജറാത്തിലെ സൂറത്ത് സ്വദേശികളായ ധർമേഷ് (50), ഭാര്യ നിമ്മി (48) എന്നിവരാണ് ഈ മാസം 13ന് ഉണ്ടായ അപകടത്തിൽ മരിച്ചത്.
വനംവകുപ്പിന് കീഴിലുള്ള ജംഗിൾ ലോഡ്ജസ് ആൻഡ് റിസോർട്ട്സിൻ്റെ അനുമതിയോടെ സ്വകാര്യ കമ്പനിയാണ് 2023 മുതൽ ഇവിടെ സ്പീഡ് ബോട്ട് സർവീസും മറ്റ് ജലകായിക വിനോദങ്ങളും നടത്തിവരുന്നത്.
യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട സ്പീഡ് ബോട്ട് മറിഞ്ഞതോടെ ദമ്പതികൾ വെള്ളത്തിൽ കുടുങ്ങുകയായിരുന്നു. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം വൈകിയെന്നും ആരോപണമുണ്ട്. സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ നടപടികളുടെ ഭാഗമായി ജലവിനോദങ്ങൾ താൽക്കാലികമായി നിർത്തിവച്ചത്.