സംസ്ഥാനത്ത് ശമ്പള വിതരണ സംവിധാനത്തിൽ പുതിയ മാറ്റത്തിനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രി, മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും ഇനി സർക്കാർ ജീവനക്കാരുടെ മാതൃകയിൽ സ്പാർക്ക് (SPARK) സംവിധാനം വഴി ശമ്പളം ലഭിക്കും. സ്പീക്കർ, പ്രതിപക്ഷ നേതാവ്, എംഎൽഎമാർ എന്നിവരും പുതിയ സംവിധാനത്തിൻ്റെ ഭാഗമാകും.

2027 ജനുവരി മുതൽ പരിഷ്കാരം പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ശമ്പള വിതരണ നടപടികൾ വേഗത്തിലാക്കുന്നതിനും കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനുമാണ് പുതിയ സംവിധാനമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

നിലവിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ കണക്കാക്കുന്നതിനും പ്രോസസ് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഓൺലൈൻ സംവിധാനമാണ് സ്പാർക്ക്. വർഷങ്ങളായി സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിന് ഉപയോഗിക്കുന്ന ഈ സംവിധാനത്തിലേക്കാണ് ഇനി ജനപ്രതിനിധികളെയും ഉൾപ്പെടുത്തുന്നത്.

ഇതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള ഭരണനേതൃത്വം മുതൽ നിയമസഭയിലെ ജനപ്രതിനിധികൾ വരെയുള്ളവരുടെ ശമ്പള വിതരണവും ഒരേ ഡിജിറ്റൽ സംവിധാനത്തിന് കീഴിലാകും.

Related Posts