ജീവനോപാധി എന്നെന്നേക്കുമായി നഷ്ടമായവരാണ് വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ഈ സാഹചര്യത്തെ കൊവിഡ് കാലവുമായി താരതമ്യം ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു. വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്നത് നേരത്തേതന്നെ ഉന്നയിക്കപ്പെട്ടിരുന്ന വിഷയമാണ്. ഇത് എഴുതിത്തള്ളണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്. വയനാട്
ദുരിതബാധിതരുടെ വായ്പയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇപ്പോൾ മൊറട്ടോറിയമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കടം എഴുതിത്തള്ളണമെങ്കിൽ കേന്ദ്രസർക്കാർ നിലപാടെടുക്കണം. വായ്പ എഴുതിത്തളുന്ന കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കാനാകുമെന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു. ഇതിനുവേണ്ടി ബാങ്കുകളെ നിർബന്ധിക്കാനാകില്ലെന്നും അത് അവർ കൈക്കൊണ്ട നയപരമായ തീരുമാനമാണെന്നുമായിരുന്നു കേന്ദ്രസർക്കാർ നൽകിയ മറുപടി.
വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചപ്പോൾ അത് നിരാകരിച്ച കാര്യം കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുകയും ചെയ്തു. അപ്പോഴാണ് ഇത് കൊവിഡ് കാലവുമായി ഒരുകാരണവശാലും താരതമ്യം ചെയ്യാൻ കഴിയുന്ന സാഹചര്യമല്ലെന്ന് കോടതി പറഞ്ഞത്. കൊവിഡ് കാലത്ത് തൽക്കാലത്തേക്ക് വരുമാനം നിലച്ചുവെന്നേ പറയാനാകൂ.
വയനാട് ദുരിതബാധിതരുടെ കാര്യം അങ്ങനെയല്ല. എന്നെന്നേക്കുമായി അവരുടെ ജീവനോപാധി നഷ്ടപ്പെട്ടതാണ്. അതിനാൽ അവരുടെ വായ്പകൾ എഴുതിത്തളണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പന്ത്രണ്ട് ബാങ്കുകളിൽ നിന്നായി 320 കോടിയോളം രൂപയുടെ വായ്പയാണുള്ളത്. ഇതിൽ കേരള ബാങ്കിന്റെ കടം എഴുതിത്തളിയിരുന്നു. ഇക്കാര്യം കോടതി എടുത്തു പറയുകയും ചെയ്തു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിഷയം പരിശോധിക്കാമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.