നമ്മ മെട്രോ പദ്ധതികളുടെ സാമ്പത്തിക ചെലവ് പങ്കിടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ തർക്കം രൂക്ഷമാകുന്നു. മെട്രോ വികസനത്തിനായി ഇതുവരെ ചെലവഴിച്ച തുകയുടെ ഭൂരിഭാഗവും കർണാടക സർക്കാരാണ് വഹിക്കുന്നതെന്നും കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക സഹായം വർധിപ്പിക്കണമെന്നുമാണ് സംസ്ഥാനത്തിൻ്റെ ആവശ്യം.

കർണാടക നഗരവികസന വകുപ്പിൻ്റെ കണക്കുകൾ പ്രകാരം നമ്മ മെട്രോയുടെ ഒന്നാം ഘട്ടം, രണ്ടാം ഘട്ടം, 2എ, 2ബി, മൂന്നാം ഘട്ടം എന്നിവയുടെ ആകെ അംഗീകരിച്ച ചെലവ് 77,891 കോടി രൂപയാണ്. ഇതിൽ 65,291 കോടി രൂപ (83.8 ശതമാനം) കർണാടക സർക്കാരും 12,600 കോടി രൂപ (16.2 ശതമാനം) കേന്ദ്രസർക്കാരുമാണ് വഹിച്ചിട്ടുള്ളത്.

മെട്രോ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനും പുനരധിവാസത്തിനുമായി വലിയ തുകയാണ് കർണാടക ചെലവഴിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ കണക്കുകൾ പ്രകാരം ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമായി 14,404 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

വിദേശ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച വായ്പകളുടെ തിരിച്ചടവ്, പലിശ, നിർമാണച്ചെലവിലെ വർധന, രൂപയുടെ മൂല്യത്തകർച്ച എന്നിവയുടെ സാമ്പത്തിക ബാധ്യതയും സംസ്ഥാനത്തിനാണ് കൂടുതലായി വരുന്നത്. വിദേശ വായ്പകളുടെ തിരിച്ചടവിനായി 28,958 കോടി രൂപ സംസ്ഥാനത്തിൻ്റെ കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിർമാണ പ്രവർത്തനങ്ങളിലെ കാലതാമസം, ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഉയർന്ന ചെലവ്, നിർമാണ സാമഗ്രികളുടെ വിലവർധന, പാതകളുടെ രൂപരേഖയിലുണ്ടായ മാറ്റങ്ങൾ തുടങ്ങിയവ മെട്രോ പദ്ധതികളുടെ ചെലവ് വർധിപ്പിച്ചിട്ടുണ്ട്.

ആദ്യ മൂന്ന് ഘട്ടങ്ങളിലെ പദ്ധതികൾക്ക് തുടക്കത്തിൽ അംഗീകരിച്ച തുകയെക്കാൾ 24,641 കോടി രൂപയുടെ അധിക ചെലവുണ്ടായതായാണ് സംസ്ഥാനത്തിൻ്റെ വിലയിരുത്തൽ. രണ്ടാം ഘട്ടം, 2എ, 2ബി എന്നിവയിലെ പുതുക്കിയ ചെലവിൽ വലിയൊരു പങ്കും സംസ്ഥാനത്തിന് വഹിക്കേണ്ടിവരുന്ന സാഹചര്യമാണ്.

Related Posts