സംസ്ഥാനത്ത് പാൽ ഉൽപന്നങ്ങളുടെയും പൊതുഗതാഗത ബസ് സർവീസുകളുടെയും നിരക്ക് വർധിപ്പിച്ചതിനെതിരെ ബിജെപി പ്രതിഷേധത്തിനൊരുങ്ങുന്നു. നവംബർ 11ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലാണ് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്.

നന്ദിനി പാലിൻ്റെയും മറ്റ് പാൽ ഉൽപന്നങ്ങളുടെയും വില വർധിപ്പിച്ചതും ബിഎംടിസി, കെഎസ്ആർടിസി ബസ് നിരക്കുകൾ ഉയർത്തിയതുമാണ് ബിജെപിയുടെ പ്രതിഷേധത്തിന് കാരണം. വിലക്കയറ്റം സാധാരണക്കാരുടെയും കുടുംബങ്ങളുടെയും സാമ്പത്തിക ബാധ്യത വർധിപ്പിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു.

നവംബർ ഒന്നുമുതൽ നന്ദിനി പാലിന് ലിറ്ററിന് എട്ട് രൂപയും തൈരിന് കിലോയ്ക്ക് 14 രൂപയും വില വർധിപ്പിച്ചിരുന്നു. നെയ്യിന് കിലോയ്ക്ക് 135 രൂപയും വെണ്ണയ്ക്ക് കിലോയ്ക്ക് 140 രൂപയുമാണ് വർധിപ്പിച്ചത്.

നവംബർ അഞ്ചുമുതൽ ബസ് നിരക്കുകളും വർധിപ്പിച്ചു. ബിഎംടിസി സാധാരണ ബസുകളുടെ കുറഞ്ഞ നിരക്ക് ആറു രൂപയിൽനിന്ന് പത്ത് രൂപയായും കൂടിയ നിരക്ക് 35 രൂപയിൽനിന്ന് 45 രൂപയായും ഉയർത്തി. വജ്ര ബസുകളുടെ കുറഞ്ഞ നിരക്ക് 15 രൂപയിൽനിന്ന് 20 രൂപയായും പരമാവധി നിരക്ക് 75 രൂപയിൽനിന്ന് 90 രൂപയായും വർധിപ്പിച്ചു.

കെഎസ്ആർടിസി സർവീസുകളിലും നിരക്ക് വർധന നിലവിൽ വന്നു. ബെംഗളൂരു–മൈസൂരു യാത്രാനിരക്ക് 160 രൂപയിൽനിന്ന് 197 രൂപയായി ഉയർന്നു. വിലവർധന പിൻവലിക്കണമെന്നും ജനങ്ങളുടെ മേലുള്ള അധിക സാമ്പത്തികഭാരം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പാർട്ടി നേതാക്കളും പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കും.

Related Posts