പ്രീ യൂണിവേഴ്‌സിറ്റി കോളജ് വാർഷിക പരീക്ഷയിൽ മലബാർ മുസ്‌ലിം അസോസിയേഷനു കീഴിലെ ക്രസൻ്റ് പിയു കോളജിന് തിളക്കമാർന്ന വിജയം. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉയർന്ന മാർക്കോടെ വിജയിക്കുകയും പത്ത് വിദ്യാർത്ഥികൾ ഡിസ്റ്റൻഷൻ നേടുകയും ചെയ്തു. കഴിഞ്ഞ വർഷവും നൂറുമേനി വിജയമായിരുന്നു.
കൊമേഴ്സിൽ കംപ്യൂട്ടർ സയൻസ് അടക്കമുള്ള കോംമ്പിനേഷനുകളിലാണ് ഇവിടെ ക്ലാസുകൾ നടക്കുന്നത്. വീഡിയോ വിഷ്വൽ റൂം, ലൈബ്രറി, കംപ്യൂട്ടർ ലാബ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് ക്ലാസുകൾ നടക്കുന്നത്. പിയുസിക്ക് പ്രത്യേകമായ ബ്ലോക്ക് തന്നെ ഈ വർഷം മുതൽ ആരംഭിക്കും. 2011 ലാണ് പിയുസിക്ലാസുകൾക്ക് തുടക്കം കുറിച്ചത്. ക്രസൻ്റ് സ്‌കൂളിൽ ഇപ്പോൾ 1500 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു. സമൂഹത്തിലെ ഏറ്റവും നിർധനരായ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ 1994 ലാണ് എം. എം. എ സ്‌കൂൾ ആരംഭിക്കുന്നത്. ഇവിടെ പഠിക്കുന്ന ഉയർന്ന മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും പാവപ്പെട്ട 25% വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും നൽകി വരുന്നുണ്ട്.