ഇന്ത്യയിൽ സാധാരണ യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റ് 60 ദിവസം മുൻപാണ് ബുക്ക് ചെയ്യാൻ കഴിയുന്നതെങ്കിൽ, വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കും വിദേശ പൗരന്മാർക്കും ഒരു വർഷം മുൻകൂട്ടി ടിക്കറ്റ് ഉറപ്പാക്കാൻ അവസരം. ഇന്ത്യൻ റെയിൽവേയുടെ ഫോറിൻ ടൂറിസ്റ്റ് ക്വോട്ട വഴിയാണ് 365 ദിവസം മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സൗകര്യം ലഭിക്കുന്നത്. നാട്ടിലേക്കുള്ള യാത്ര മാസങ്ങൾക്കു മുൻപേ ആസൂത്രണം ചെയ്യുന്ന പ്രവാസി മലയാളികൾക്ക് ഇത് ഏറെ പ്രയോജനകരമാകും.
ഐആർസിടിസി വെബ്സൈറ്റിൽ വിദേശ മൊബൈൽ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് രജിസ്റ്റർ ചെയ്ത് ഒടിപി വഴി നമ്പർ സ്ഥിരീകരിക്കുകയാണ് ആദ്യം വേണ്ടത്. ഇതിനായി ഒറ്റത്തവണയായി 100 രൂപയും ജിഎസ്ടിയും ഫീസായി നൽകണം. അന്താരാഷ്ട്ര ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കാം.
ഫോറിൻ ടൂറിസ്റ്റ് ക്വോട്ടയിലാണ് ഈ ടിക്കറ്റുകൾ ലഭിക്കുക. സാധാരണ ടിക്കറ്റുകളെ അപേക്ഷിച്ച് നിരക്ക് കൂടുതലായിരിക്കുമെന്നതും റദ്ദാക്കുമ്പോൾ കൂടുതൽ തുക നഷ്ടമാകുമെന്നതും യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം.
സാധുവായ പാസ്പോർട്ട്, ഒടിപി വഴി സ്ഥിരീകരിച്ച വിദേശ മൊബൈൽ നമ്പറുള്ള ഐആർസിടിസി അക്കൗണ്ട്, യാത്രക്കാരുടെ പാസ്പോർട്ട് വിവരങ്ങൾ എന്നിവ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. വിദേശ പൗരന്മാർക്ക് ആവശ്യമായ വിസയും മറ്റ് യാത്രാരേഖകളും ഉണ്ടായിരിക്കണം. എന്നാൽ വിദേശത്ത് താമസിക്കുന്ന ഒരു എൻആർഐക്ക് ഇന്ത്യയിൽ താമസിക്കുന്ന കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി ഈ ക്വോട്ടയിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാവില്ല. ഒരാൾ എൻആർഐ ആണെന്നതുകൊണ്ട് മാത്രം നാട്ടിലുള്ള കുടുംബാംഗങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ടിക്കറ്റിൽ ഉൾപ്പെടുന്ന ഓരോ യാത്രക്കാരനും ഫോറിൻ ടൂറിസ്റ്റ് ക്വോട്ടയ്ക്ക് അർഹതയുള്ള എൻആർഐയോ വിദേശ പൗരനോ ആയിരിക്കണം.
ബുക്കിങ്ങിന് ഉപയോഗിച്ച മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച ഒറിജിനൽ പാസ്പോർട്ട് യാത്രയ്ക്കിടെ കൈവശം കരുതണം. ടിക്കറ്റിലുള്ള ഓരോ യാത്രക്കാരനും സ്വന്തം തിരിച്ചറിയൽ രേഖകൾ ഹാജരാക്കേണ്ടിവരും. വിദേശ പാസ്പോർട്ടുള്ളവർ സാധുവായ വിസ ഉൾപ്പെടെയുള്ള പ്രവേശന രേഖകളും കരുതണം. ഇന്ത്യൻ പാസ്പോർട്ടുള്ള എൻആർഐകളുടെയും വിദേശ പൗരന്മാരുടെയും വിസാ നിബന്ധനകൾ വ്യത്യസ്തമാണെന്ന കാര്യവും ശ്രദ്ധിക്കണം.
നേരത്തേ യാത്ര ഉറപ്പാക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് പ്രയോജനകരമാണെങ്കിലും അധിക നിരക്കും റദ്ദാക്കൽ വ്യവസ്ഥകളും പരിശോധിച്ചശേഷം മാത്രം ബുക്കിങ് നടത്തുന്നതാണ് ഉചിതം.