യുഎസിലെ സിയാറ്റലിൽ നടന്ന ദീപാവലി ആഘോഷം തടസപ്പെടുത്തി തീവ്ര വലതുപക്ഷവാദികൾ. ഹിന്ദുവിരുദ്ധവും വംശീയവിദ്വേഷം നിറഞ്ഞതുമായ പ്ലക്കാർഡുകളുമായി എത്തിയ സംഘം ആഘോഷവേദിയിൽ അതിക്രമിച്ചുകയറി പരിപാടികൾ തടസപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ശനിയാഴ്ച സിയാറ്റിൽ സെന്റർ ആർമറിയിലാണ് സംഭവം. നിരവധി ഇന്ത്യൻ കുടുംബങ്ങൾ പങ്കെടുത്ത ആഘോഷത്തിനിടെ ജെയ്ക്ക് ലാംഗ്, തോമസ് അലൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധവുമായി എത്തിയത്. ‘ഹിന്ദുക്കളെ നാടുകടത്തുക’, ‘ഹിന്ദുക്കൾ ക്രിസ്ത്യാനികൾക്ക് പകരക്കാരാകുന്നത് അവസാനിപ്പിക്കുക’ തുടങ്ങിയ വിദ്വേഷ മുദ്രാവാക്യങ്ങളാണ് പ്ലക്കാർഡുകളിൽ ഉണ്ടായിരുന്നത്.
ഇതോടെ ആഘോഷത്തിനെത്തിയവരും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രതിഷേധക്കാരെ വേദിയിൽനിന്ന് പുറത്താക്കി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ജെയ്ക്ക് ലാംഗ് സമൂഹമാധ്യമമായ എക്സിൽ പങ്കുവയ്ക്കുകയും ഹിന്ദുക്കൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തുകയും ചെയ്തു. ടെക്സാസിൽ ഡെമോക്രാറ്റുകൾ വിജയിക്കാൻ കാരണം ഹിന്ദുക്കളാണെന്ന തരത്തിലായിരുന്നു ഇയാളുടെ വിദ്വേഷ പ്രചാരണം.
സംഭവത്തെ യുഎസ് കോൺഗ്രസ് അംഗം പ്രമീള ജയപാൽ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഇന്ത്യൻ-അമേരിക്കൻ സംഘടനകളും അപലപിച്ചു. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന് ഭയമില്ലാതെ ദീപാവലി ആഘോഷിക്കാനുള്ള അവകാശമുണ്ടെന്നും ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്ക് നഗരത്തിലോ രാജ്യത്തോ സ്ഥാനമില്ലെന്നും പ്രമീള ജയപാൽ എക്സിൽ കുറിച്ചു. സമാധാനപരമായി നടന്ന ദീപാവലി ആഘോഷത്തിലേക്ക് വിദ്വേഷവുമായി കടന്നുകയറിയ നടപടി അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യൻ-അമേരിക്കൻ വ്യവസായി അജയ് ജെയിൻ ഭൂട്ടോറിയയും പ്രതികരിച്ചു.