സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ക്രിസ്മസ്–ന്യൂ ഇയർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തി. കഴിഞ്ഞ വർഷം 20 കോടി രൂപയായിരുന്ന സമ്മാനത്തുകയാണ് ഇത്തവണ അഞ്ച് കോടി രൂപ വർധിപ്പിച്ചത്. ഓണം ബംപറിന് തുല്യമായ ഒന്നാം സമ്മാനമാണ് ഇത്തവണ ക്രിസ്മസ്–ന്യൂ ഇയർ ബംപറിനും നൽകുന്നത്.
2027 ഫെബ്രുവരി ഒന്നിനാണ് നറുക്കെടുപ്പ് നടക്കുക. ലോട്ടറി ഏജൻസികൾ മുഖേന ടിക്കറ്റ് വിതരണം ചെയ്യുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുൻവർഷങ്ങളേക്കാൾ കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച് വരുമാനം വർധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്.