കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ നൽകിയ ഹർജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. ഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകൻ കെ.ആർ.സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചത്.
വൈസ് ചാൻസലർ സിസ തോമസിനെതിരായ പ്രതിഷേധത്തിൻ്റെ പേരിൽ സസ്പെൻഷനിലായ പത്ത് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു. സർവകലാശാലയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി തീരുമാനമെടുക്കാൻ നിർദേശിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നായിരുന്നു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെ നിരീക്ഷണം.
ഇതോടെ പരീക്ഷ എഴുതാൻ അനുമതി തേടിയ വിദ്യാർഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിയുണ്ടായി. ഡിവിഷൻ ബെഞ്ചിൻ്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് വിദ്യാർഥികൾ പ്രതികരിച്ചിരുന്നു. സുപ്രീംകോടതിയിൽ നിന്നുള്ള അനുകൂല ഉത്തരവിനായാണ് ഇനി വിദ്യാർഥികളുടെ കാത്തിരിപ്പ്.