പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന പ്രകൃതിവാതക വിതരണ നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള എൽഎൻജി കപ്പലുകളുടെ ഗതാഗതം സാധാരണ നിലയിലായ സാഹചര്യത്തിലാണ് നടപടി.

ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്നാണ് രാജ്യത്തേക്ക് പ്രകൃതിവാതക വിതരണം പ്രതിസന്ധിയിലായത്. ഇതോടെ ഇന്ധനക്കപ്പലുകളുടെ ഗതാഗതം തടസപ്പെടുകയും, ചില വിതരണ കമ്പനികൾ കരാർ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മാർച്ച് 9 മുതൽ പ്രകൃതിവാതക വിതരണത്തിൽ കേന്ദ്രം പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്ന കാലയളവിൽ ലഭ്യമായ പ്രകൃതിവാതകം മുൻഗണനാ മേഖലകളിലേക്ക് വിനിയോഗിക്കാനും ഉൽപ്പാദനം, വിതരണം, ഉപയോഗം എന്നിവ ക്രമീകരിക്കാനുമുള്ള അധികാരം കേന്ദ്ര സർക്കാരിനുണ്ടായിരുന്നു. എന്നാൽ ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടതോടെ വിതരണ സാഹചര്യം മെച്ചപ്പെട്ടതിനാൽ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

Related Posts