വർത്തമാനകാലത്തെ വായിക്കാത്തൊരു സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല. ‘ഇന്ന്’ എന്ന ചിന്തയും തിരിച്ചറിവും ഏത് സമൂഹത്തിനാണോ അന്യമാകുന്നത്, ആ സമൂഹത്തിന് നാളെയുടെ വിപ്ലവത്തിലും പരിവർത്തനത്തിലും പങ്കാളികളാകാനാവില്ലെന്ന് പ്രമുഖ വാഗ്മിയും ഫാമിലി കൗൺസിലറുമായ സുലൈമാൻ അസ്ഹരി പറഞ്ഞു.
നാളെ എന്നത് വെറുതെ കാത്തിരിക്കേണ്ട ഒരു കാലമല്ല; മനസ്സിൽ താലോലിക്കുകയും ചിന്തകളിലൂടെ രൂപപ്പെടുത്തുകയും പ്രവർത്തനങ്ങളിലൂടെ യാഥാർഥ്യമാക്കുകയും ചെയ്യേണ്ട മഹത്തായൊരു സ്വപ്നമാണ്. നാളെയുടെ ചരിത്രം സൃഷ്ടിക്കപ്പെടുന്നത് ഇന്നിൻ്റെ ചിന്തകളിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
ആത്മാഭിമാനമായ ഇസ്ലാമിൻ്റെ മസ്ജിദുകൾ ആശ്വാസത്തിൻ്റെ കേന്ദ്രങ്ങളാണ്. സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഭദ്രതയിൽ വീടുകളെ ക്രമീകരിച്ചുകൊണ്ടാണ് പുതിയകാല വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ട് പതിറ്റാണ്ട് പിന്നിട്ട മസ്ജിദുർറഹ്മയുടെ പ്രഥമ കുടുംബസംഗമത്തിൽ “മിനാരത്തണലിൽ പൂക്കുന്ന കുടുംബങ്ങൾ” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം..
മസ്ജിദുർ റഹ്മ പ്രസിഡണ്ട് മുഹമ്മദ് ടി .വി. അധ്യക്ഷത വഹിച്ചു. ജെ. ഐ. എച്ച്. കേരള ബെംഗളൂർ സിറ്റി പ്രസിഡണ്ട് ഷമീർ മുഹമ്മദ്, എംപവേർഡ് ചെയർമാൻ.വി.പി. അബ്ദുല്ല, ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ ഹസൻ പൊന്നൻ, ജെ. ഐ. ഏച്ച് നോർത്ത് ഏരിയ പ്രസിഡണ്ട് ഇമസ്മായിൽ അറഫാത്ത്, ബി.എം.എ. പ്രസിഡണ്ട് പി.വി. അഷ്റഫ്, റൈറ്റേഴ്സ് ഫോറം സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി, റമീസ് വല്ലപ്പുഴ, സ്ജിദ് റഹ്മ ഖത്വീബ് കെ.വി. ഖാലിദ് തുടങ്ങിയവർ സംസാരിച്ചു. ഹിറ മോറൽ സ്കൂൾ കുരുന്നുകളുടെ കലാപരിപാടികൾ സംഗമത്തിന് മികവ് പകർന്നു. കുടുംബ സംഗമം കൺവീനർ മഹറൂഫ് കരിയാടൻ സ്വാഗതവും മസ്ജിദുർറഹ്മ സെക്രട്ടറി റഫീഖ് ഹസൻ നന്ദിയും പറഞ്ഞു.