സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനത്തോടെ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻപട്ടം സ്വന്തമാക്കി. 2012.3 പോയിന്റ് നേടിയാണ് തിരുവനന്തപുരം സ്വർണക്കപ്പിൽ മുത്തമിട്ടത്. 965.3 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 923.3 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനം നേടി.
ഗെയിംസ്, അക്വാട്ടിക്സ് ഇനങ്ങളിലെ മികവാണ് തിരുവനന്തപുരത്തിന് കിരീടനേട്ടം സമ്മാനിച്ചത്. ഗെയിംസ് ഇനങ്ങളിൽ 1310 പോയിന്റും അക്വാട്ടിക്സിൽ 606 പോയിന്റും തിരുവനന്തപുരം സ്വന്തമാക്കി. ഗെയിംസ് വിഭാഗത്തിൽ 813 പോയിന്റുമായി കണ്ണൂർ രണ്ടാമതും 796 പോയിന്റുമായി തൃശൂർ മൂന്നാമതുമെത്തി. അക്വാട്ടിക്സിൽ 160 പോയിന്റുമായി എറണാകുളവും 120 പോയിന്റുമായി തൃശൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
അതേസമയം, അത്ലറ്റിക്സ് വിഭാഗത്തിൽ മലപ്പുറമാണ് ചാമ്പ്യന്മാരായത്. 204.3 പോയിന്റുമായി ഒന്നാമതെത്തിയ മലപ്പുറം 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവും നേടി. 161.5 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 109 പോയിന്റുമായി ആലപ്പുഴ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരി, കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂർ എന്നീ സ്കൂളുകളുടെ മികച്ച പ്രകടനമാണ് അത്ലറ്റിക്സിൽ മലപ്പുറത്തിൻ്റെ മുന്നേറ്റത്തിന് കരുത്തായത്. 75.3 പോയിന്റ് നേടിയ ഐഡിയൽ സ്കൂൾ കടകശ്ശേരി തുടർച്ചയായ അഞ്ചാം തവണയും അത്ലറ്റിക്സ് ചാമ്പ്യന്മാരായി.