ശ്രീ അയ്യപ്പ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ശ്രീ അയ്യപ്പ ആയുർവേദ ക്ലിനിക്കിൻ്റെ ഉദ്ഘാടനം നവംബർ ഒന്നിന് നടക്കും. വൈകിട്ട് അഞ്ചിന് ജാലഹള്ളി ശ്രീ അയ്യപ്പ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ ദാസറഹള്ളി എംഎൽഎ എസ്.മുനിരാജു, കർണാടക മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. ബി.എൽ. സുജാത റാത്തോഡ് എന്നിവർ മുഖ്യാതിഥികളാകും.
എച്ച്സിജിയിലെ മെഡിക്കൽ ഓങ്കോളജി വിഭാഗത്തിലെ ഡോ. മഞ്ജുനാഥ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. ശ്രീ അയ്യപ്പ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് പി.കെ.വിജയനാഥൻ അധ്യക്ഷത വഹിക്കും. ട്രസ്റ്റ് സെക്രട്ടറി എം.ലോകനാഥൻ സ്വാഗതം പറയും.
ജാലഹള്ളി ശ്രീ അയ്യപ്പ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് ക്ലിനിക് പ്രവർത്തനം ആരംഭിക്കുന്നത്. ദാസറഹള്ളിയിലെ പ്രശാന്ത് നഗറിൽ ശ്രീ അയ്യപ്പ മെഡിക്കൽ സെന്ററിന് സമീപമാണ് ക്ലിനിക് പ്രവർത്തിക്കുക. പാരമ്പര്യ ആയുർവേദ ചികിത്സയിലൂടെ സമഗ്ര ആരോഗ്യപരിപാലനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ജാലഹള്ളി ശ്രീ അയ്യപ്പ ട്രസ്റ്റ് പ്രസിഡണ്ട് ഡി.കെ.കൃഷ്ണകുമാർ, സെക്രട്ടറി പി.വിശ്വനാഥൻ, ട്രഷറർ ജെ.സി.വിജയൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ട്രസ്റ്റ് ട്രഷറർ രവികുമാർ കെ. നന്ദി പറയും.