സി.എസ്.ഐ.ആർ – എൻ.എ. എൽ മലയാളി ഓഫീസേഴ്സ് & സ്റ്റാഫ് യൂണിറ്റായ കൈരളി കലാവാണിയുടെ വജ്ര ജൂബിലിയും ഓണാഘോഷവും എസ്.ആർ.വള്ളൂരി ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. പരിപാടികളുടെ ഉദ്ഘാടനം പുതുപ്പള്ളി എം.എൽ.എ ചാണ്ടിഉമ്മൻ നിർവ്വഹിച്ചു. പ്രവാസി മലയാളികളുടെ വർഷാവസാനം വരെ നീളുന്ന ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുന്ന മലയാളി കൂട്ടായ്മയെ അദ്ധേഹം പ്രശംസിച്ചു. രാജ്യപുരോഗതിക്ക് എൻ എ എൽ നല്കുന്ന സംഭാവനകളെയും അതിനോടു ചേർന്നു പ്രവർത്തിക്കുന്ന മലയാളി സമൂഹത്തേയും അദ്ധഹം അഭിനന്ദിച്ചു.
എൻ എ എൽ ഡയറക്ടർ ഡോ.അഭയ് എ പഷീൽക്കർ, സി എസ് ഐ ആർ 4 പി ഐ. ഡയറക്ടർ ഡോ. ഗോപാലകൃഷ്ണ പാത്ര, കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാൻ, കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ച് ആശംസകളറിയിച്ചു. കൈരളി കലാവാണിയുടെ ഓണപ്പതിപ്പായ സ്മരണികയുടെ പ്രകാശനം ചാണ്ടി ഉമ്മൻ എം എൽ എ നിർവ്വഹിച്ചു. എൻ എ എൽ കൈരളി കലാവാണിയുടെ പ്രസിഡണ്ട് ഷിജോ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
പ്രൊ. ലേഖ തങ്കച്ചിയുടെ നേതൃത്വത്തിൽ കേരളനടനം അരങ്ങേറി. ലജീഷ്, മനു, രേഷ്മ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും, രാജേഷ് മാരാർ & ടീമിൻ്റെ തായമ്പകയും ഉണ്ടായിരുന്നു. എൻ. എ. എൽ ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി. കൈരളി കലാവാണി കുടുംബാംഗങ്ങളുടെ കായിക മത്സരങ്ങളും ഓണാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചതായി സെക്രട്ടറി വിജീഷ് അറിയിച്ചു.