മൾട്ടി മോഡൽ ഗതാഗത സംവിധാനങ്ങൾ, സ്മാർട്ട് മൊബിലിറ്റി, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലെ മികവിന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെ.എം.ആർ.എൽ.) ദേശീയ അംഗീകാരം. മൾട്ടി മോഡൽ ഇൻഫ്രാസ്ട്രക്ചർ വികസനത്തിനും നവീകരണത്തിനും സ്മാർട്ട് മൊബിലിറ്റി സംവിധാനങ്ങൾക്കുമാണ് പുരസ്കാരവും പ്രശംസാപത്രവും ലഭിച്ചത്.
ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 19-ാമത് അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടറിൽനിന്ന് കെ.എം.ആർ.എൽ. ഡയറക്ടർമാരായ ഡോ. എം.പി. രാംനിവാസ്, സഞ്ജയ് കുമാർ, രവീന്ദ്രകുമാർ പഥക് എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
കെ.എം.ആർ.എൽ. അഡീഷണൽ ജനറൽ മാനേജർ (അർബൻ ട്രാൻസ്പോർട്ട്) ടി.ജി. ഗോകുൽ, ജോയിന്റ് ജനറൽ മാനേജർ (സിസ്റ്റംസ്) രശ്മി രഞ്ജൻ സാഹു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.