സ്ത്രീകൾക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനൊരുങ്ങി കർണാടക സർക്കാർ. സ്ത്രീകൾക്ക് സമഗ്രമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി യു.ടി. ഖാദർ അറിയിച്ചു. പദ്ധതി ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമായി പ്രത്യേക സാങ്കേതിക ഡയറക്ടറെ നിയമിക്കും. സർക്കാർ അംഗീകൃത പൊതുമേഖലാ, സ്വകാര്യ ആശുപത്രികൾ വഴി ഇൻഷുറൻസ് പരിരക്ഷയും ചികിത്സാ ആനുകൂല്യങ്ങളും ലഭ്യമാക്കും.

പുതിയ സാങ്കേതികവിദ്യയും ജിപിഎസ് ട്രാക്കിങ് സംവിധാനവുമുള്ള 750 ആംബുലൻസുകൾ ഡിസംബറോടെ പുറത്തിറക്കും. അടിയന്തരമായി വിളിച്ചാൽ ഗ്രാമപ്രദേശങ്ങളിൽ 20 മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തുന്നുവെന്ന് ഉറപ്പാക്കും. നിശ്ചിത സമയത്തിനുള്ളിൽ ആംബുലൻസ് എത്തിയില്ലെങ്കിൽ 3,000 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികൾക്ക് സമാനമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കും. എല്ലാ താലൂക്ക് ആശുപത്രികളിലും കുറഞ്ഞത് അഞ്ച് കിടക്കകളുള്ള ഐസിയു സംവിധാനം ഉറപ്പാക്കുമെന്നും ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി ടെലിമെഡിസിൻ സേവനങ്ങളും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Posts