ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിലെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ നവംബർ 3 മുതൽ പതിവ് സർവീസ് ആരംഭിക്കും. നവംബർ ഒന്നിന് ബെംഗളൂരു എസ്എംവിടി ടെർമിനലിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവീസായാണ് ഇത് അവതരിപ്പിക്കുന്നത്.

ബെംഗളൂരു എസ്എംവിടി മുതൽ മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനൽ വരെയുള്ള 1,118 കിലോമീറ്റർ ദൂരം 16 മണിക്കൂർ കൊണ്ട് ട്രെയിൻ പിന്നിടും. നിലവിൽ ഇതേ ദൂരം പിന്നിടാൻ മറ്റ് ട്രെയിനുകൾക്ക് 22–24 മണിക്കൂർ വേണ്ടിവരുന്നുണ്ട്.

16 കോച്ചുകളുള്ള ട്രെയിനിൽ 823 ബെർത്തുകളാണുള്ളത്. 11 തേർഡ് എസി, രണ്ട് സെക്കൻഡ് എസി, ഒരു ഫസ്റ്റ് എസി കോച്ച് എന്നിവ ഉൾപ്പെടുന്നു. അടിസ്ഥാന ടിക്കറ്റ് നിരക്ക് തേർഡ് എസിക്ക് 2,684 രൂപയും സെക്കൻഡ് എസിക്ക് 3,466 രൂപയും ഫസ്റ്റ് എസിക്ക് 4,250 രൂപയുമാണ്. ഭക്ഷണച്ചെലവ് ഉൾപ്പെടുന്നതനുസരിച്ച് നിരക്കിൽ മാറ്റമുണ്ടാകും.

സമയക്രമം

  • ബെംഗളൂരു–മുംബൈ (ട്രെയിൻ 27652): രാത്രി 7.45ന് എസ്എംവിടിയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.55ന് മുംബൈയിലെത്തും.
  • മുംബൈ–ബെംഗളൂരു (ട്രെയിൻ 27651): രാത്രി 8.10ന് മുംബൈയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12ന് ബെംഗളൂരുവിലെത്തും.

ധർമാവരം, അനന്തപുർ, ഗുണ്ടക്കൽ, റായ്ച്ചൂർ, യാദ്ഗിർ, വാഡി, കലബുറഗി, സോലാപുർ, പുനെ, കല്യാൺ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.

Related Posts