മൈസൂരുവിൽ ‘നിംഹാൻസി’ൻ്റെ അത്യാധുനിക ആശുപത്രി വരുന്നു. നൂറുകോടി ചെലവഴിച്ചാണ് ആശുപത്രി നിർമിക്കുക. 20 ഏക്കറാണ് ആശുപത്രിക്കായി ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിയുടെ ധനസഹായം നൽകുന്നത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പാണ്. രണ്ടുവർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
ചാണസ്യ കാർലെ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് മൈസൂരുവാണ് നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുക്കുക. ഫെബ്രുവരി പകുതിയോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. പദ്ധതി യാഥാർഥ്യമായാൽ മാണ്ഡ്യ, ഹാസൻ, കുടക് എന്നിവിടങ്ങളിലെ ജനങ്ങൾക്കും ആശ്രയമായിരിക്കും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ആശുപത്രി.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലമായ വരുണ ഹോബ്ലിയിലെ ഗുഡുമദാനഹള്ളി ഗ്രാമത്തിലാണ് ആശുപത്രി. ആറ് നിലകളിലായി ഒരുക്കുന്ന ആശുപത്രിയുടെ താഴത്തെ നിലയിൽ റേഡിയോളജി, അത്യാഹിത വിഭാഗങ്ങൾ, ഓങ്കോളജി എന്നിവ പ്രവർത്തിക്കും.
രണ്ട് ഏക്കറിൽ ന്യൂറോ സർജറി, ന്യൂറോളജി, ന്യൂറോ -റേഡിയോളജി, ന്യൂറോ-അനസ്തേഷ്യ, സൈക്യാട്രി, ഡീ-അഡിക്ഷൻ സെൻ്റർ തുടങ്ങിയ പ്രത്യേക ചികിത്സ സൗകര്യങ്ങളാണ് ആദ്യ ഘട്ടത്തിൽ ഒരുക്കുക. ആശുപത്രിയിൽ ഒരു പ്രത്യേക ലഹരിമുക്ത ചികിത്സാകേന്ദ്രം ഒരുക്കും. സൈക്യാട്രിക് ചികിത്സ, കൗൺസലിങ്, കിടത്തിച്ചികിത്സ എന്നീ സേവനങ്ങളും ഈ ചികിത്സാവിഭാഗത്തിൽ ആദ്യഘട്ടത്തിൽ തയ്യാറാകും. കൂടാതെ നൂതന ലബോറട്ടറി സൗകര്യങ്ങളും ഒരു ബ്ലഡ് ബാങ്കും ഒരുക്കും. 160 കിടക്കകളാണ് ആദ്യഘട്ടത്തിൽ സജ്ജീകരിക്കുക. ആശുപത്രിയുടെ ബ്ലൂപ്രിൻ്റ് തയ്യാറാക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കി.