2027ലെ എസ്.എസ്.എൽ.സി പരീക്ഷ 1, പരീക്ഷ 2 എന്നിവയുടെ അന്തിമ ടൈംടേബിൾ കർണാടക സ്കൂൾ പരീക്ഷാ-മൂല്യനിർണയ ബോർഡ് (കെഎസ്ഇഎബി) പ്രസിദ്ധീകരിച്ചു. ഒക്ടോബർ 29ന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം പരീക്ഷ 2027, 1 മാർച്ച് 22നും പരീക്ഷ 2 മേയ് 24നും ആരംഭിക്കും.

പരീക്ഷ 1 മാർച്ച് 22 മുതൽ ഏപ്രിൽ 5 വരെ

ആദ്യ ദിവസം കന്നഡ, തെലുങ്ക്, ഹിന്ദി, മറാഠി, തമിഴ്, ഉറുദു, ഇംഗ്ലീഷ്, സംസ്കൃതം തുടങ്ങിയ ഒന്നാം ഭാഷാ പരീക്ഷകളോടെയാണ് തുടക്കം. സയൻസ്, കണക്ക്, സോഷ്യൽ സയൻസ് ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങൾക്കും രാഷ്ട്രീയശാസ്ത്രം, സോഷ്യോളജി, സംഗീതം തുടങ്ങിയ വിഷയങ്ങൾക്കും ടൈംടേബിളിൽ ഇടമുണ്ട്. ഏപ്രിൽ 5ന് സോഷ്യൽ സയൻസ് പരീക്ഷയോടെ പരീക്ഷ 1 അവസാനിക്കും.

പരീക്ഷ 2 മേയ് 24 മുതൽ 31 വരെ

ഒന്നാം ഭാഷാ പരീക്ഷകളോടെയാണ് രണ്ടാം പരീക്ഷയും ആരംഭിക്കുന്നത്. മേയ് 25ന് സയൻസ്, രാഷ്ട്രീയശാസ്ത്രം, ഹിന്ദുസ്ഥാനി, കർണാടക സംഗീതം എന്നിവയും 26ന് രണ്ടാം ഭാഷാ പരീക്ഷകളും നടക്കും. 27ന് കണക്ക്, സോഷ്യോളജി; 28ന് മൂന്നാം ഭാഷ, എൻഎസ്‌ക്യുഎഫ് വിഷയങ്ങൾ എന്നിവയാണ്. മേയ് 29ന് സോഷ്യൽ സയൻസ് പരീക്ഷ നടക്കും. ജൂനിയർ ടെക്നിക്കൽ സ്കൂൾ വിഷയങ്ങളുടെ പരീക്ഷ മേയ് 31ന് പൂർത്തിയാകും.

മിക്ക ഒന്നാം ഭാഷാ, പ്രധാന വിഷയ, ജെ.ടി.എസ് പരീക്ഷകളും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.15 വരെയാണ്. രണ്ടാം, മൂന്നാം ഭാഷാ പരീക്ഷകൾ ഉച്ചയ്ക്ക് 1 വരെയും എൻഎസ്‌ക്യുഎഫ് പരീക്ഷകൾ 12.15 വരെയും നടക്കും. വിദ്യാർഥികൾക്ക് വിഷയങ്ങൾ തിരിച്ചുള്ള തീയതി, പരീക്ഷാസമയം, പരമാവധി മാർക്ക് എന്നിവ ബോർഡിൻ്റെ ഔദ്യോഗിക ടൈംടേബിളിൽ പരിശോധിക്കാം.

Related Posts