വിജയപുരയിൽ കാറിടിച്ച് 42 കാരനായ ആൾ മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. റോഡപകടമെന്ന് തോന്നിപ്പിക്കും വിധം ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് ഭാര്യയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ ഭാര്യ അശ്വിനി ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 4നാണ് രാജശേഖർ (42) വിജയപുരയിൽ കാറിടിച്ച് മരിച്ചത്. പ്രഭാത സവാരിക്കിറങ്ങിയ ഇയാളെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് ഭാര്യ അശ്വിനി ആദ്യം പരാതി നൽകിയിരുന്നത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇതൊരു അപകടമല്ലെന്നും, ആസൂത്രിത കൊലപാതകമാണെന്നും തെളിയുകയായിരുന്നു. പുതിയ വീടിൻ്റെ പെയിന്റിംഗ് ജോലികൾക്കായി എത്തിയ ആനന്ദ് എന്നയാളുമായി അശ്വിനിക്ക് അടുപ്പമുണ്ടാവുകയും, തുടർന്ന് ഭർത്താവിനെ ഒഴിവാക്കാൻ ഇവർ കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നു.
രാജശേഖർ നടക്കാനിറങ്ങുന്ന സമയം അശ്വിനി ആനന്ദിന് ചോർത്തി നൽകുകയും, ആനന്ദും മറ്റ് പ്രതികളും ചേർന്ന് കാറിടിപ്പിച്ച് ഇയാളെ കൊലപ്പെടുത്തുകയുമായിരുന്നു. ഈ കേസിൽ ആനന്ദ്, അശ്വിനി രാജശേഖർ ബിരാദർ, സച്ചിൻ പരശുറാം ബദല്ലി എന്നിവരും ഒരു പ്രായപൂർത്തിയാകാത്തയാളുമാണ് പിടിയിലായത്.