മണിപ്പൂരിൽ പുതിയ അക്രമസംഭവങ്ങളെത്തുടർന്ന് സുരക്ഷാ സാഹചര്യം വീണ്ടും വഷളായി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവങ്ങളിൽ പ്രതിഷേധിച്ച് നാട്ടുകാർ മൃതദേഹങ്ങളുമായി മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിങ്ങിൻ്റെ ഔദ്യോഗിക വസതിക്കു മുന്നിൽ പ്രതിഷേധിച്ചു.

ആദ്യ സംഭവത്തിൽ, മെയ്തെയ്–പംഗൽ മുസ്‌ലിം വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശത്തെ സംഗീത പരിപാടിക്കിടെ കല്ലേറും വെടിവയ്പുമുണ്ടായി. ഗുരുതരമായി പരിക്കേറ്റ 24കാരൻ പിന്നീട് ആശുപത്രിയിൽ മരിച്ചു.

രണ്ടാമത്തെ സംഭവത്തിൽ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖമെൻലോക് മേഖലയിൽ വിറക് ശേഖരിക്കാൻ പോയ മൂന്ന് ഗ്രാമീണരെ വെടിവെച്ചുകൊന്നു. അരു ബാം റോണി (35), ലൈറെൻലക്പാം ഇനാബി (44), ക്ഷേത്രിമായും സുശീൽ (32) എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ മൃതദേഹങ്ങൾ വെച്ചതോടെ പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. പരിക്കേറ്റവരെ മുഖ്യമന്ത്രി ആശുപത്രിയിലെത്തി സന്ദർശിച്ചു.

2023 മേയിൽ ആരംഭിച്ച വംശീയ കലാപത്തിനു ശേഷം മെയ്തെയ്, കുക്കി വിഭാഗങ്ങൾക്കിടയിലെ സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

Related Posts