ഏറെക്കാലമായി കേരളം ഉറ്റുനോക്കുന്ന അരിയിൽ ഷുക്കൂർ വധക്കേസിൽ നവംബർ 12ന് വിധി പറയും. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് കേസിൽ വിധി പ്രഖ്യാപിക്കുക.
2012 ഫെബ്രുവരി 20നാണ് കണ്ണൂർ അരിയിൽ സ്വദേശിയും മുസ്‌ലിം ലീഗ് പ്രവർത്തകനുമായ അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി.ജയരാജൻ്റെയും ടി.വി.രാജേഷിൻ്റെയും വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പ്രതികാരമായി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസിൽ പി. ജയരാജനും മുൻ എംഎൽഎ ടി.വി. രാജേഷും ഉൾപ്പെടെ 33 പ്രതികളാണുള്ളത്. ഇവർക്കെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ വിചാരണ പൂർത്തിയായതിനു പിന്നാലെയാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.
2012ൽ നടന്ന കൊലപാതകത്തിൽ നീതി തേടിയുള്ള ഷുക്കൂറിൻ്റെ കുടുംബത്തിൻ്റെ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്.