ട്രെയിൻ യാത്രയ്ക്കിടെ തീപിടിത്ത സാധ്യതകൾ ഒഴിവാക്കി സുരക്ഷ ഉറപ്പാക്കാൻ രാത്രി 11 മുതൽ പുലർച്ചെ 5 വരെ മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യുന്നത് തടയാൻ റെയിൽവേ ബോർഡിൻ്റെ കർശന നിർദേശം. ഈ സമയത്ത് ട്രെയിനുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതിബന്ധം നിർബന്ധമായും വിച്ഛേദിക്കണമെന്ന് എല്ലാ റെയിൽവേ സോണുകൾക്കും നൽകിയ നിർദേശത്തിൽ വ്യക്തമാക്കുന്നു.

മുംബൈ ലോക്കൽ ട്രെയിനിൽ യാത്രക്കാരൻ്റെ പവർ ബാങ്ക് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയും കോച്ചിൽ കറുത്ത പുക പടരുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് നടപടി. ഒക്ടോബർ 26ന് അയച്ച കത്തിൽ നിർദേശത്തിൽ ഇളവുകളൊന്നും അനുവദിക്കില്ലെന്ന് റെയിൽവേ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത സമയത്ത് ചാർജിങ് സംവിധാനം ഓഫ് ചെയ്യുന്നതിൽ പല ട്രെയിനുകളിലും ജീവനക്കാർ വീഴ്ച വരുത്തുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

എല്ലാ കോച്ചുകളിലെയും ചാർജിങ് പോയിന്റുകൾ ആറുമണിക്കൂർ സമയപരിധിയിൽ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ജീവനക്കാർക്ക് പരിശീലനം നൽകും. ഉദ്യോഗസ്ഥരും സൂപ്പർവൈസർമാരും ട്രെയിനുകളിൽ അപ്രതീക്ഷിത പരിശോധനകൾ നടത്തും. സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും റെയിൽവേ മുന്നറിയിപ്പ് നൽകി.

2014 ജൂൺ 19നാണ് രാത്രികാല ചാർജിങ് നിയന്ത്രണം സംബന്ധിച്ച നിർദേശം റെയിൽവേ ആദ്യമായി കൊണ്ടുവന്നത്. ബെംഗളൂരു–ഹസൂർ സാഹിബ് നാന്ദേഡ് എക്സ്പ്രസിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് റെയിൽവേ സുരക്ഷാ കമ്മീഷണറാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. 2021 മാർച്ച് 16 മുതൽ വെസ്റ്റേൺ റെയിൽവേയും നിയന്ത്രണം നടപ്പിലാക്കിയിരുന്നു. രാത്രിയാത്ര തുടങ്ങുന്നതിന് മുമ്പ് മൊബൈൽ ഫോണുകളും പവർ ബാങ്കുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്ത് സൂക്ഷിക്കണമെന്ന് യാത്രക്കാർക്ക് റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്.

Related Posts