കേരള പി.എസ്.സി. ചെയർമാൻ ബൈജു ഉൾപ്പെടെ മുഴുവൻ അംഗങ്ങളെയും പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ശുപാർശ നൽകിയതായി റിപ്പോർട്ട്. ചെയർമാൻ ഉൾപ്പെടെ 16 പേരെ നീക്കണമെന്നാണ് ശുപാർശയിലുള്ളതെന്നാണ് വിവരം. ഗവർണർ സ്ഥാനം ഒഴിയുന്നതിന് ഒരാഴ്ച മുമ്പാണ് നടപടി.
ഗവർണർക്ക് പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും നിയമിക്കാൻ അധികാരമുണ്ടെങ്കിലും ഭരണഘടനാപരമായ വ്യവസ്ഥകൾ പ്രകാരം അവരെ നീക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. ശുപാർശയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതി ഭവൻ സംസ്ഥാന സർക്കാരിൻ്റെ അഭിപ്രായം തേടിയേക്കും. തുടർനടപടികളിൽ സർക്കാരിൻ്റെ നിലപാടും നിർണായകമാകും.
പി.എസ്.സി.യിലെ നിയമനക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതികളും അന്വേഷണങ്ങളും ശക്തമാകുന്നതിനിടെയാണ് ശുപാർശ പുറത്തുവന്നത്. ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് പി.എസ്.സി.യുടെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്.
ഇതിനു പുറമെ പി.എസ്.സി.യിൽ മറ്റ് ക്രമക്കേടുകൾ നടന്നെന്ന പരാതികളും ലോക്ഭവനിൽ ലഭിച്ചതായാണ് റിപ്പോർട്ട്. ഈ പരാതികളിൽ ക്രൈംബ്രാഞ്ച് കൂടുതൽ അന്വേഷണം നടത്താൻ ഒരുങ്ങുന്നതിനിടെയാണ് മുൻ ഗവർണറുടെ ശുപാർശ പുറത്തുവന്നത്. എന്നാൽ ശുപാർശയിൽ അന്തിമ തീരുമാനമെടുത്തതായി വിവരമില്ല.