ബോളിവുഡ് പ്രേക്ഷകർ കാത്തിരുന്ന ‘ദൃശ്യം 3: ദ കൺക്ലൂഷൻ’ മികച്ച പ്രതികരണം നേടുന്നതായി റിപ്പോർട്ടുകൾ. മോഹൻലാൽ നായകനായ മലയാളം പതിപ്പിൻ്റെ റിലീസിന് പിന്നാലെ എത്തിയ ഹിന്ദി പതിപ്പിൻ്റെ മേക്കിങ്ങിനും അഭിനയത്തിനും ക്ലൈമാക്സിനും പ്രേക്ഷകർ പ്രശംസ ചൊരിയുന്നുണ്ട്.
പ്രമുഖ സിനിമാ നിരൂപകൻ തരൺ ആദർശ് ചിത്രത്തിന് 5ൽ 4.5 റേറ്റിങ് നൽകി. സിനിമയെ ‘ഷുവർ-ഷോട്ട് ബ്ലോക്ക്ബസ്റ്റർ’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. പ്രവചിക്കാനാകാത്ത ട്വിസ്റ്റുകളും മികച്ച തിരക്കഥയും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ.
മലയാളം പതിപ്പിനേക്കാൾ മികച്ച രീതിയിലാണ് ഹിന്ദി റീമേക്ക് ഒരുക്കിയിരിക്കുന്നതെന്നും ചിലർ അഭിപ്രായപ്പെടുന്നു. ജയ്ദീപ് അഹ്ലാവത്തിൻ്റെ പ്രകടനവും പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. ചിത്രത്തിൻ്റെ അവസാന ഭാഗം ഏറെ മികവുറ്റതാണെന്നും സിനിമാസ്വാദകർ പറയുന്നു.
മലയാളം പതിപ്പിൽനിന്ന് കഥയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ഹിന്ദി റീമേക്ക് ഒരുക്കിയതെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഹിന്ദി പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചാണ് തിരക്കഥയിൽ മാറ്റങ്ങൾ വരുത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തിൽ അജയ് ദേവ്ഗൺ, തബു, ജയ്ദീപ് അഹ്ലാവത്ത്, ശ്രിയ ശരൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ദൃശ്യം’ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ ചിത്രം ആഗോളതലത്തിൽ 565 കോടി രൂപ നേടിയതായും റിപ്പോർട്ടിൽ പറയുന്നു.