മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളായ വീണ വിജയനെ മാസപ്പടി കേസിൽ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ കുറ്റപത്രം. എക്സസാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. വീണ വിജയൻ സേവനം ഒന്നും നൽകാതെ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ.
കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിൻ്റെ അനുമതി പ്രോസിക്യൂഷൻ നടപടികൾക്ക് ലഭിച്ചു. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പിണറായിയുടെ മകൾ വീണ ടി, സിഎംആർഎൽ എം.ഡി ശശിധരൻ കർത്ത, സിഎംആർഎൽ സിജിഎം ഫിനാൻസ് പി.സുരേഷ് കുമാർ അടക്കമുള്ളവർക്കെതിരെയാണ് പ്രോസിക്യൂഷൻ അനുമതി. കമ്പനികാര്യ മന്ത്രാലയമാണ് എസ്എഫ്ഐഒക്ക് അനുമതി നൽകിയത്.
സിഎംആർഎൽ-എക്സാലോജിക്ക് ഇടപാടിൽ ക്രമക്കേട് കണ്ടെത്തിയുള്ള എസ്എഫ്ഐഒയുടെ അന്വേഷണ റിപ്പോർട്ടിലാണ് പ്രോസിക്യൂഷൻ അനുമതി നൽകിയത്. എസ്എഫ്ഐഒയുടെ ചാർജ് ഷീറ്റിൽ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പണം നൽകിയവരുടെ പട്ടികയിൽ പല രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ നേതാക്കളുമുണ്ടെന്നാണ് എസ്എഫ്ഐഒയുടെ പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയത്.