സഹപൈലറ്റിൻ്റെ ആക്രമണത്തിനിടെ മരണത്തെ മുന്നിൽ കണ്ട നിമിഷമായിരുന്നു അതെന്ന് ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാർ. കഴിഞ്ഞ മാസം ഫ്ലൈദുബായ് വിമാനത്തിൻ്റെ കോക്ക്പിറ്റിൽ നേരിട്ട ആക്രമണത്തിൻ്റെ നടുക്കുന്ന അനുഭവങ്ങൾ സ്കൈ ന്യൂസ് അറേബ്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൻ്റെ ടീസറിൽ അദ്ദേഹം വെളിപ്പെടുത്തി.
ആക്രമണത്തിനിടെ രക്ഷപ്പെടില്ലെന്ന് തോന്നിയ നിമിഷമുണ്ടായിരുന്നോ എന്ന ചോദ്യത്തിന്, എന്തെങ്കിലും ചെയ്യണമെന്നും ഇങ്ങനെ മരിക്കാൻ കഴിയില്ലെന്നും സ്വയം പറഞ്ഞതായാണ് സ്മിത്തിൻ്റെ മറുപടി. ആ ദുരനുഭവത്തിൽനിന്ന് ഇപ്പോഴും കരകയറാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോക്ക്പിറ്റിൻ്റെ വാതിൽ തുറന്നപ്പോൾ പുറത്തുനിന്ന് കേട്ട പരിഭ്രാന്തിയും നിലവിളികളും ഇപ്പോഴും ഓർമയിലുണ്ടെന്നും സ്മിത്ത് വെളിപ്പെടുത്തി. പ്രതിസന്ധി ഘട്ടത്തിൽ വിമാനത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്ത സഹപ്രവർത്തകനെ അദ്ദേഹം പ്രശംസിച്ചു. സഹപ്രവർത്തകൻ്റെ ഇടപെടൽ എന്നും ഓർമയിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 30ന് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തിന്റെ കോക്ക്പിറ്റിനുള്ളിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ആഴ്ചകൾക്കുശേഷമാണ് ആക്രമണത്തിനിടെ നേരിട്ട അനുഭവങ്ങൾ സ്മിത്ത് വെളിപ്പെടുത്തുന്നത്.