ശബരിമല തീർഥാടനത്തിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ പമ്പയിലെ ശുചിമുറി ബ്ലോക്കിൻ്റെ ശോച്യാവസ്ഥ കണ്ട് അതൃപ്തി പ്രകടിപ്പിച്ചു. ശുചിമുറിയിലെ ദുർഗന്ധം കാരണം മൂക്കുപൊത്തിയാണ് അദ്ദേഹം പരിശോധന നടത്തിയത്. തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

ശബരിമല സന്ദർശനത്തിനിടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗവും ചേർന്നു. ദേവസ്വം മന്ത്രി കെ. മുരളീധരൻ, സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. തീർഥാടനകാലത്ത് ഭക്തർക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിലെ പുരോഗതി യോഗം വിലയിരുത്തി.

തുലാമാസ പൂജയ്ക്കു തന്നെ വലിയ തിരക്ക് അനുഭവപ്പെടുമ്പോഴും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിൽ മെല്ലെപ്പോക്കുണ്ടെന്ന വിമർശനം ഉയർന്നിട്ടുണ്ട്. റോഡ് നവീകരണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതും വെല്ലുവിളിയാണ്. അരവണ നിർമാണത്തിനുള്ള സാധനങ്ങളുടെ സംഭരണത്തിലും കാലതാമസം നേരിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലെ തീർഥാടന സീസൺ പൂർത്തിയായശേഷം ശബരിമലയെ തിരുപ്പതി മാതൃകയിൽ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തീർഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും സുരക്ഷിതമായ തീർഥാടനാനുഭവവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

Related Posts