സിനിമ സീരിയൽ നടൻ സന്തോഷ് നായർ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ അന്തരിച്ചു. പത്തനംതിട്ട ഏനാത്ത് വച്ചായിരുന്നു അപകടം. നടൻ സഞ്ചരിച്ച കാറും വാനും കൂട്ടിയിടിക്കുകയായിരുന്നു. ചികിത്‌സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഭാര്യ രാജലക്ഷ്മിക്ക് ഗുരുതരപരിക്കുണ്ട്. തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷ് നായരും ഭാര്യയും. സന്തോഷാണ് വാഹനം ഓടിച്ചത്.

വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സന്തോഷ് നായർ തിരുവനന്തപുരം സ്വദേശിയാണ്. സഹനടനായും വില്ലനായും മലയാള സിനിമയിൽ തിളങ്ങിയ സന്തോഷ് നായർ നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
1982ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാരംഗത്തേക്ക് എത്തിയത്. ഇപ്പോൾ പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാവമായി അഭിനയിച്ച ചിത്രം. 1960 നവംബർ 12ന് തിരുവനന്തപുരത്ത് സി.എൻ. കേശവൻ നായരുടെയും പി. രാജലക്ഷ്മി അമ്മയുടെയും മകനായാണ് ജനനം. എംജി കോളജിൽ നടൻ മോഹൻലാലിൻ്റെ ജൂനിയറായിരുന്നു.

Related Posts