രാജി വിവാദത്തിൽ വിശദീകരണവുമായി ബിജെപി കൗൺസിലർ ആർ. ശ്രീലേഖ. കൗൺസിലറായി തുടരുമെന്നും മരണംവരെ ബിജെപിയിൽ തന്നെ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയാക്കാത്തതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്ന വാർത്തകളും ശ്രീലേഖ തള്ളി. ‘സസ്നേഹം ശ്രീലേഖ’ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് വിശദീകരണം നൽകിയത്.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്താണ് തനിക്കെതിരെ മോശമായ പ്രചാരണങ്ങൾ നടന്നതെന്ന് ശ്രീലേഖ ആരോപിച്ചു. ബിജെപി അംഗത്വമെടുത്തതു മുതൽ മാധ്യമങ്ങൾ തന്നെ നിരന്തരം വിമർശിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കാലത്തും ഇത്തരം അനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. മേയറെയും ഡെപ്യൂട്ടി മേയറെയും തിരഞ്ഞെടുക്കുന്ന സമിതിയിൽ താനും അംഗമായിരുന്നുവെന്നും വ്യക്തമാക്കി.
താൻ നരേന്ദ്ര മോദിയുടെ ആരാധകയാണെന്നും മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും ശ്രീലേഖ പറഞ്ഞു. കോൺഗ്രസിലേക്ക് പോകുമെന്ന പ്രചാരണം അസംബന്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.
കൗൺസിലർ എന്ന നിലയിൽ വലിയ സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ശ്രീലേഖ പറഞ്ഞു. ഞായറാഴ്ചകളിൽപ്പോലും വിശ്രമമില്ലാത്ത സാഹചര്യമാണുള്ളത്. ശാസ്തമംഗലം വാർഡിൽ നിരവധി പ്രശ്നങ്ങളുണ്ടെന്നും അവ പരിഹരിക്കുന്നതിനായി ഏറെ അധ്വാനിക്കേണ്ടിവരുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
ഡിജിപിയായി പ്രവർത്തിച്ചിരുന്ന തനിക്ക് കോൺസ്റ്റബിളിൻ്റെ ജോലി ചെയ്യുന്നതുപോലുള്ള അനുഭവം പ്രയാസമുണ്ടാക്കുന്നുണ്ടെന്നും എന്നാൽ അതെല്ലാം മാറ്റിവെച്ചാണ് കൗൺസിലറുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതെന്നും ശ്രീലേഖ പറഞ്ഞു. ജോലിയിൽ ആത്മാർഥത പുലർത്തുന്നയാളാണ് താനെന്നും ചെറിയ കാലതാമസം ഉണ്ടായാൽപ്പോലും ചിലർ വാട്സാപ്പിലൂടെ മോശമായി പ്രതികരിക്കാറുണ്ടെന്നും അവർ ആരോപിച്ചു.
ഇത്തരം അനുഭവങ്ങൾ മൂലമുണ്ടായ മാനസിക സമ്മർദമാണ് മേയർക്ക് സന്ദേശമയയ്ക്കാൻ കാരണമായതെന്ന് ശ്രീലേഖ വിശദീകരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അവധിയെടുക്കാൻ ഡോക്ടർ നിർദേശിച്ചതിനാലാണ് തൽക്കാലം സജീവ പ്രവർത്തനങ്ങളിൽനിന്ന് മാറിനിന്ന് പാർട്ടി പ്രവർത്തകയായി മാത്രം തുടരാൻ ആഗ്രഹം പ്രകടിപ്പിച്ചതെന്നും അവർ വ്യക്തമാക്കി.