മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കായ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയറ്ററുകളിലേക്ക്. പുത്തൻ സാങ്കേതിക മികവോടെ 4Kയിൽ റീമാസ്റ്റർ ചെയ്ത ചിത്രം വ്യാഴാഴ്ച (ഒക്ടോബർ 8) മുതൽ പ്രേക്ഷകർക്ക് വീണ്ടും ബിഗ് സ്ക്രീനിൽ കാണാം.
മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ മാണിക്യൻ്റെയും കാർത്തുമ്പിയുടെയും കഥയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയദർശൻ തന്നെ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയൻ, സോണിയ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലെത്തി.
മാറ്റിനി നൗവും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് റീ റിലീസിനായി ചിത്രം 4Kയിൽ റീമാസ്റ്റർ ചെയ്തത്. അടുത്തിടെ പുറത്തിറങ്ങിയ 4K ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൻ്റെ ഗ്രാമീണ പശ്ചാത്തലവും പ്രണയവും നർമ്മവും ഗൃഹാതുരത്വം നിറഞ്ഞ മുഹൂർത്തങ്ങളുമെല്ലാം ട്രെയിലറിൽ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നു.
ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഛായാഗ്രഹണത്തിന് കെ.വി. ആനന്ദിനും പ്രൊഡക്ഷൻ ഡിസൈനിന് സാബു സിറിളിനും അംഗീകാരം ലഭിച്ച ചിത്രമാണിത്. അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ‘തേന്മാവിൻ കൊമ്പത്ത്’ സ്വന്തമാക്കിയിരുന്നു. എൻ. ഗോപാലകൃഷ്ണനാണ് ചിത്രം നിർമ്മിച്ചത്. കെ.വി. ആനന്ദ് ഛായാഗ്രഹണവും ബേണി–ഇഗ്നേഷ്യസ് സംഗീതവും എസ്.പി. വെങ്കടേഷ് പശ്ചാത്തല സംഗീതവും നിർവഹിച്ചു. ഗിരീഷ് പുത്തഞ്ചേരിയാണ് ഗാനരചന. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.
മോഹൻലാലും പ്രിയദർശനും ഒന്നിച്ച ചിത്രം 1994ലാണ് ആദ്യമായി റിലീസ് ചെയ്തത്.